പാലക്കാട്: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള മെമുസര്‍വീസ് ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്‌ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടലിലൂടെയാണ് തമിഴ്നാട്ടിലെ പ്രമുഖ വ്യാപാര കേന്ദ്രമായ പൊള്ളാച്ചിയിലേക്ക് പാലക്കാട് നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.
കഴിഞ്ഞദിവസമാണ് റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് ഈ റൂട്ടില്‍ ട്രെയിന്‍ അനുവദിച്ച വിവരം സുരേഷ് ഗോപിയെ അറിയിച്ചത്. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാവും ഈ ട്രെയിന്‍. മാത്രമല്ല, വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനപ്രദമാകും. 06623/06624 പാലക്കാട്- പൊള്ളാച്ചി മെമു ആഴ്ചയില്‍ അഞ്ചുദിവസമാണ് സര്‍വീസ് നടത്തുക. ഉദ്ഘാടന ദിവസമായ ഇന്ന് ഉച്ചയ്‌ക്ക് 1.15ന് പാലക്കാട്ടു നിന്ന് ആദ്യ സര്‍വീസ് തുടങ്ങി.
പാലക്കാട് ടൗണ്‍, പുതുനഗരം,കൊല്ലങ്കോട്, മുതലമട,മീനാക്ഷിപുരം,ആനമലൈ റോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക.
















