എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11:30 ന് കൊച്ചിയിലെത്തുന്ന മോദി മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. ദേശീയപാതാ -66ന്റെ രണ്ടു റീച്ചുകളുടെയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമായും പ്രധാനമന്ത്രി ചെയ്യുന്നത്. എറണാകുളം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം12.15-ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡുമാർഗം റൈൻ ഡ്രൈവിലേക്ക് തിരിക്കും.
കൊച്ചി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ത്യന്‍ റെയില്‍വേയുടേത് അടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. സ്റ്റേഡിയം കവാടത്തില്‍ നിന്നും റോഡ് ഷോയില്‍ പങ്കെടുത്താകും പ്രധാനമന്ത്രി വേദിയിലെത്തുക.5,500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്‌ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
2,650 കോടി രൂപ ചെലവിൽ നിർമിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷൻ (ദേശീയപാത-66) ആറുവരിപ്പാത, 2,140 കോടി രൂപ ചെലവിൽ വെങ്ങളംമുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടയ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെയും ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പാലക്കാട്- പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്‌ലാഗ്ഓഫും നടക്കും.
തുടര്‍ന്ന് കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രകടനപത്രികയും മോദി പുറത്തിറക്കിയേക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കൊച്ചി നഗരം. എസ്പിജി സുരക്ഷയുടെ ഭാഗമായി ട്രയല്‍ റണ്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. 800ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ ഗതാഗത ക്രമീകരണത്തിനും ക്രമസമാധാനത്തിനുമായി വിന്യസിച്ചിരിക്കുന്നത്.
















