ന്യൂദൽഹി: ലോക്‌സഭയിലെ രണ്ട് എംപിമാർ ശമ്പളം വാങ്ങുന്നില്ല, ഒരാൾ സർക്കാരിന്റെ ഒരു ആനുകൂല്യവും പറ്റുന്നില്ല. കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപിയായ നവീൻ ജിൻഡാലും ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസിന്റെ ഡോ. ബിമോൾ അകോയിജാം അങ്കോംചയുമാണ് ശമ്പളം പറ്റാത്ത എംപിമാർ.
നവീൻ ജിൻഡാൽ ഒരു സർക്കാർ ആനുകൂല്യങ്ങളും വാങ്ങുന്നില്ല. ലോക്‌സഭാ സെക്രട്ടേറിയറ്റ് വിവരാവകാശ അപേക്ഷയ്‌ക്ക് നൽകിയ മറുപടി പ്രകാരം, നവീൻ ജിൻഡാൽ തന്റെ ശമ്പളം മാത്രമല്ല, എല്ലാ സർക്കാർ അലവൻസുകളും ഔദ്യോഗിക ആനുകൂല്യങ്ങളും വേണ്ടെന്ന് അറിയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പ്രകാരം ഈ എംപിമാരുടെ സാമ്പത്തിക പശ്ചാത്തലം ഇങ്ങനെയാണ്: ജിൻഡലിന്റെ സ്വത്ത് 1,241 കോടി രൂപയുടേതാണ്. ഡോ. ബിമോൾ അകോയിജാം ഏകദേശം 97 ലക്ഷം രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളം, അലവൻസുകൾ, അടക്കം എല്ലാ ഔദ്യോഗിക സൗകര്യങ്ങളും പൂർണ്ണമായും നിരസിച്ച ഏക എംപി ജിൻഡാൽ മാത്രമാണ്.
ജിൻഡാൽ അതിസമ്പന്നനാണെങ്കിലും, സഭയിലെ ഏറ്റവും ധനികനായ അംഗം ഗുണ്ടൂരിൽ നിന്നുള്ള ടിഡിപിയുടെ ഡോ. ചന്ദ്രശേഖർ പെമ്മസാനിയാണ്. 5,705 കോടി രൂപയിലധികം ആസ്തിയുള്ളയാളാണ് അദ്ദേഹം. ചെവല്ലയിൽ നിന്നുള്ള ബിജെപി എംപി കോണ്ട വിശ്വേശ്വര റെഡ്ഡിയാണ് തൊട്ടുപിന്നിൽ. 4,568 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
543 ലോക്‌സഭാ സീറ്റുകളിൽ രണ്ടെണ്ണം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണെന്നും ആർടിഐ മറുപടിയിൽ പറയുന്നു. നിലവിലുള്ള അംഗങ്ങളിൽ 481 എംപിമാർ ശമ്പളം വാങ്ങുന്നുണ്ട്. ശമ്പള പട്ടികയിൽ പേരില്ലാത്ത ശേഷിക്കുന്ന എംപിമാരുടെ സ്ഥിതി വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
















