ന്യൂദല്‍ഹി: 2013 ല്‍ ജമ്മു കശ്മീരില്‍ ഇംഗ്ലീഷ് വനിത സാറാ എലിസബത്ത് ഗ്രോവ്‌സിനെ (24) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡച്ച് പൗരന്‍ റിച്ചാര്‍ഡ് ഡി വിറ്റ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്‌കീസോഫ്രീനിയ ബാധിച്ചതിനാല്‍ വിചാരണ നേരിടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ് നെതര്‍ലാന്‍ഡ്സിലേക്ക് തിരിച്ചയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. റിച്ചാര്‍ഡ് ഡി വിറ്റ് 13 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞ 5 വര്‍ഷമായി വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണെന്നും ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
‘ ഈ രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നു, ആ വ്യക്തിയെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യണം. ഇംഗ്ലണ്ടിലേക്കോ മറ്റെവിടെയെങ്കിലുമോ കൊണ്ടുപോകുന്നതെന്തിനാണ്? പ്രതി മാനസികമായി സ്ഥിരതയുള്ള അവസ്ഥയിലല്ലെന്ന് പറയുന്നതിനാല്‍ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാല്‍ അതിന് എന്തെങ്കിലും വ്യക്തമായ തെളിവുകളുണ്ടോ?’ അഭിഭാഷകനോട് ജസ്റ്റിസ് പങ്കജ് മിത്തലും ജസ്റ്റിസ് എസ്.വി.എന്‍. ഭട്ടിയും ഉള്‍പ്പെട്ട ബെഞ്ച് ആരാഞ്ഞു. റിച്ചാര്‍ഡ് ഡി വിറ്റിനെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനോട് സാറാ എലിസബത്തിന്‌റെ മാതാപിതാക്കള്‍ ശക്തമായ എതിര്‍പ്പുന്നയിച്ചു.
കുറ്റകൃത്യം ഇന്ത്യന്‍ മണ്ണില്‍ നടന്നിട്ടുണ്ടെങ്കില്‍ പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
















