കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനു പിന്നാലെ ഗണേഷിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
ഗണേഷിന്റെ ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പത്തനാപുരത്തെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പിന്നീട് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സംഘർഷമുണ്ടായി. ഇതോടെ പോലീസ് ലാത്തിവീശി. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വനിതകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.
പ്രതിഷേധത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു. വാളകത്തെ വീട്ടിൽവച്ച് ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്ന് ബിന്ദു മേനോൻ പറഞ്ഞു.















