ന്യൂദല്‍ഹി:ഇസ്രയേലും അമേരിക്കയും ആയത്തൊള്ള ഖമേനിയെ വധിക്കുകയും ഇപ്പോള്‍ വന്‍തോതില്‍ ഇറാനിലെ എണ്ണപ്പാടങ്ങള്‍ ബോംബിട്ട് തകര്‍ത്തിട്ടും ഒരക്ഷരം ഉരിയാടാതെ യെമനിലെ ഹൂതികള്‍. ആയത്തൊള്ള ഖമേനി വളര്‍ത്തി വലുതാക്കിയ ഈ ഭീകരസംഘടന തന്ത്രപരമായ ആസൂത്രണത്തിന്റെ ഭാഗമായാണ് നിശ്ശബ്ദത പാലിക്കുന്നതെന്ന് കരുതുന്നു. ഹൂതികളുടെ നേതാവായ അബ്ദുള്‍ മാലിക് അല്‍ ഹൂതി ഇതിന്റെ സൂചന നല്‍കിക്കഴിഞ്ഞു. ഉചിതമായ സമയത്ത് യുഎസിനും ഇസ്രയേലിനും എതിരെ രംഗത്തിറങ്ങുമെന്നാണ് അബ്ദുള്‍ മാലിക് അല്‍ ഹൂതി വ്യക്തമാക്കിയിരിക്കുന്നത്.
ലെബനനിലെ ഹെസ്ബുള്ള എന്ന മറ്റൊരു ഭീകരസംഘടന ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചതോടെ തല്‍ക്കാലത്തേക്ക് ഹെസ്ബുള്ള പിന്‍വാങ്ങിയിരിക്കുകയാണ്. അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരായി ചരക്ക്കപ്പലുകള്‍ കാര്യമായി പോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരിക്കുകയാണ്. ഇത് വലിയ എണ്ണപ്രതിസന്ധിയിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. എണ്ണവില ബാരലിന് 100 ഡോളറിലേക്ക് കുതിയ്‌ക്കുകയാണ്.
എന്നിട്ടും ഹൂതികള്‍ മൗനം പാലിക്കുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അല്‍പദിവസം കഴിഞ്ഞായിരിക്കും ഹൂതികള്‍ രംഗപ്രവേശം ചെയ്യുക എന്നാണ് കരുതുന്നത്. ചെങ്കടലിന്റെ തെക്കേ ഭാഗവും ചെങ്കടലിനും ആഡെന്‍ കടലിടുക്കിനും ഇടയിലുള്ള വന്‍തോതില്‍ ചരക്ക് കപ്പലുകള്‍ പോക്കുവരവ് നടത്തുന്ന ബാബ് അല്‍ മണ്ടേപ് കടലിടുക്കിലും വന്‍സ്വാധീനമാണ് ഹൂതികള്‍ക്കുള്ളത്. ഇവര്‍ അധികവും ചരക്കുകപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തുക പതിവ്. ഇറാന് വേണ്ടി ഉചിതമായ സമയത്ത് ഹൂതികള്‍ രംഗപ്രവേശം ചെയ്യുമെന്നാണ് അറിയുന്നത്.
















