വയനാട് :ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയ തന്നെ അനുഗമിച്ച സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് അതൃപ്തി തുറന്ന് പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി.ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിലുടനീളം തന്റെ സമീപം നിന്ന് മാറാതിരുന്ന സി പി എം ജില്ലാ സെക്രട്ടറിയോട് മാറി നില്‍ക്കാന്‍ പറയുകയായിരുന്നു താരം.
നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നതെന്നും നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കുമെന്നും മാറി നില്‍ക്കണമെന്നും മമ്മൂട്ടി റഫീഖിനോട് ആവശ്യപ്പെടുകയായിരുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ സര്‍ക്കാരിന്റെ ടൗണ്‍ ഷിപ്പ് കാണാനായി ശനിയാഴ്ച ഉച്ചയോടെയാണ് മമ്മൂട്ടി എത്തിയത്. അധികൃതരോട് കാര്യങ്ങള്‍ അന്വേഷിച്ചും വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയും ചെയ്തു മമ്മൂട്ടി. ഏതാനും വീടുകളും താരം സന്ദര്‍ശിച്ചു. കേരളത്തിന്റെ ഒരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങളെ ചേര്‍ത്തുപിടിച്ചതാണ് ഇതെന്നും മാധ്യമങ്ങളോട് മമ്മൂട്ടി പ്രതികരിച്ചു.
















