തിരുവനന്തപുരം: സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന് ആ ചെയര്‍മാന്‍ സ്ഥാനം നല്‍കിയ പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തണമെന്നില്ല, പക്ഷെ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന് ജാമ്യം അനുവദിച്ചേ തീരു. ആരോഗ്യനില വഷളായ ഇ. അബൂബക്കറിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുവെച്ച സാംസ്കാരിക നായകരില്‍ ആദ്യത്തെ പേരുകാരന്‍ കെ. സച്ചിദാനന്ദനാണ്.
എന്‍.പി. ചേക്കൂട്ടി, പ്രൊഫ. ജെ. ദേവിക, ജമാല്‍ കൊച്ചങ്ങാടി, കെ.കെ. ബാബുരാജ്, കെ.എസ്‍. ഹരിഹരന്‍, ഡോ. പി.കെ. പോക്കര്‍, എന്‍. സുബ്രഹ്മണ്യന്‍, ദാമോദര്‍ പ്രസാദ്, ഡോ.എം.പി. നിസാമുദ്ദീന്‍, ഹമീദ് വാണിയമ്പലം,അഡ്വ. പി.എ. ഷൈന തുടങ്ങി നിരവധി പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.
“അന്നനാളത്തിലെ അര്‍ബുദ ശസ്ത്രക്രിയയ്‌ക്ക് ശേഷം ദീര്‍ഘകാലം വിശ്രമത്തിലായിരുന്നപ്പോഴാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. 74കാരനായ അബൂബക്കര്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ്. ജയിലില്‍ വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ രോഗം മൂര്‍ച്ഛിച്ചു. പ്രായം കൊണ്ടും രോഗംകൊണ്ടും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അബൂബക്കര്‍ ഈ രീതിയില്‍ ആശുപത്രിയില്‍ തുടര്‍ന്നാല്‍ അത് അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണിയാണ്.”- ഇങ്ങിനെ പോകുന്നു സാംസ്കാരിക നായകരുടെ കത്ത്.
കഴിഞ്ഞ നാല് കൊല്ലത്തോളമായി തീഹാര്‍ ജയിലില്‍ കഴിയുകയാണ് അബൂബക്കര്‍. ഇദ്ദേഹം പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനായിരുന്നപ്പോഴാണ് തൊടുപുഴയില്‍ പ്രൊഫസറായിരുന്ന ജോസഫ് മാഷുടെ കൈ ഉളി ഉപയോഗിച്ച് കൈപ്പത്തി വെട്ടിയ കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
















