ആലപ്പുഴ: സ്വപ്‌ന സാക്ഷാത്ക്കാരമായി പെരുമ്പളത്തേക്കുള്ള പാലം ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കുമ്പോള്‍, പെരുമ്പളത്തെ റോഡുകളുടെ അവസ്ഥ പരിതാപകരം. ഗ്രാമീണ റോഡുകളില്‍ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡ് പോലും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതെ തികഞ്ഞ അലംഭാവമാണ് അധികൃതര്‍ കാണിക്കുന്നത്. അരൂക്കുറ്റി പഞ്ചായത്തിലെ വടുതല ജെട്ടിയില്‍ നിന്നാണ് പെരുമ്പളം പാലം നിര്‍മ്മിച്ചത്.
പാലം പെരുമ്പളം പഞ്ചായത്തിന്റെ വടക്കേ അറ്റത്താണ്. പാണാവള്ളി ജെട്ടിയില്‍ നിന്ന് പെരുമ്പളം മാര്‍ക്കറ്റ് ഭാഗത്തേക്ക് ഇപ്പോള്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ഫെറി ഭാഗത്താണ് പാലം നിര്‍മ്മിക്കാന്‍ ആദ്യം പദ്ധതി ഇട്ടിരുന്നത്. പെരുമ്പളം പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്ത് എത്തിച്ചേരും എന്നതിനാല്‍ എല്ലാവര്‍ക്കും സ്വീകാര്യവുമായിരുന്നു. എന്നാല്‍ ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അരൂക്കുറ്റി വടുതല ജെട്ടിയിലേക്ക് പാലം മാറ്റുകയായിരുന്നു.
പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള ജനങ്ങള്‍ക്ക് പാലത്തിന്റെ ഗുണം കാര്യമായി അനുഭവിക്കാനാവില്ല എന്നതാണ് വസ്തുത. തെക്ക് ഭാഗത്ത് നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ പാലത്തിലേക്ക് എത്തുവാന്‍ സാധിക്കുകയുള്ളു. അങ്ങോട്ടുള്ള മിക്കവാറും എല്ലാ റോഡുകളും തകര്‍ന്നു കിടക്കുകയാണ്.
ചില ഭാഗങ്ങളില്‍ സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടാണ്. കോടികള്‍ മുടക്കി പാലം നിര്‍മ്മിച്ചപ്പോള്‍, ജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള റോഡുകള്‍ നന്നാക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി താല്‍പ്പര്യം കാണിച്ചില്ല. പെരുമ്പളത്തിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ വിദേശികളടക്കം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കേണ്ടവര്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ലെന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കുന്നു.
















