തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കുടിശികയുള്ള ഡിഎ നല്‍കാന്‍ ഗതാഗത വകുപ്പ് തീവ്രശ്രമം നടത്തുന്നതായി മന്ത്രി കെബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് അര്‍ഹമായ ഡിഎ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും വെളിപ്പെടുത്തി.
ജീവനക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഡിഎ നല്‍കാന്‍ എങ്ങനെയെങ്കിലും പണം സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പക്കല്‍ ഇതിനാവശ്യമായ തുകയില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സഹായം തേടി.മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചപ്പോള്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലുമായി ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ശമ്പളം ഗഡുക്കളായി നല്‍കിയിരുന്ന രീതി മാറ്റി ഒന്നാം തീയതി തന്നെ ഒരുമിച്ച് നല്‍കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡിഎ വിതരണം ചെയ്യാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ ഡി എ കൂടി നല്‍കി ജീവനക്കാരെ കയ്യിലെടുക്കാനാണ് നീക്കം.
















