വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുദ്ധത്തിനായി വകയിരുത്തിയത് ബില്യണ്‍ ഡോളറുകളെന്ന് കണക്കുകള്‍. ആദ്യ 24 മണിക്കൂറിനുള്ളില്‍ മാത്രം യുഎസ് ഏകദേശം 779 മില്യണ്‍ ഡോളര്‍ (7173 കോടി രൂപ) ചെലവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് മുന്നോടിയായുള്ള സൈനിക വിന്യാസത്തിനും കപ്പലുകളുടെയും വിമാനങ്ങളുടെയും പുനര്‍വിന്യാസത്തിനുമായി 630 മില്യണ്‍ ഡോളര്‍ (5,806 കോടി രൂപ) ഇതിനോടകം ചെലവായി കഴിഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ഫോര്‍ഡ് ഉള്‍പ്പെടുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനത്തിന് മാത്രം ഏകദേശം 6.5 മില്യണ്‍ ഡോളര്‍ (59 കോടി രൂപ) ആവശ്യമാണ്. യുദ്ധം നീണ്ടുപോയാല്‍, മൊത്തം ചെലവ് 210 ബില്യണ്‍ ഡോളര്‍ (18.87 ലക്ഷം കോടി രൂപ) വരെ എത്തിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം ഇറാന്റെ പ്രത്യാക്രമണത്തില്‍ യുഎസ് സൈന്യത്തിന് കനത്ത നാശനഷ്ടം സംഭവിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി). രണ്ട് ദിവസമായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ യുഎസ് താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ യുഎസിന്റെ 650ല്‍ അധികം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.
യുഎസ് ഈ കണക്കുകളെല്ലാം മറച്ചുവെക്കുകയാണ്. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമായതോടെയാണ് യുഎസിന്റെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ഇറാനിയന്‍ തീരത്ത് നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും ഐആര്‍ജിസി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനി പറഞ്ഞു.
















