തിരുവനന്തപുരം: മലയാള ഭാഷാ ബില്ലില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒപ്പുവെച്ചത്തില്‍ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന്റെയും മലയാള ഭാഷയുടെയും കീര്‍ത്തി കൂടുതല്‍ വ്യാപിക്കാന്‍ സഹായിക്കുന്ന ഈ ബില്‍ ഓരോ മലയാളിക്കും അഭിമാനകരമാണ്. പുതുതലമുറയ്‌ക്ക് മാതൃഭാഷയോടുള്ള ആത്മബന്ധം ശക്തമാക്കാനും സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ബോധം ആഴത്തിലുള്ളതാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദേഹം പറഞ്ഞു.
പ്രഥമ ഭാഷ മലയാളമാക്കുമ്പോള്‍ മറ്റു ഭാഷകളെ ഇകഴ്‌ത്തിക്കെട്ടാനോ മാറ്റിനിര്‍ത്താനോ പാടില്ല. ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ നമ്മുടെ യുവാക്കളുടെ ഭാവി പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍, ഔദ്യോഗിക രേഖകള്‍, പൊതുസേവനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമാകുമ്പോള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ വ്യക്തവും സുതാര്യവും ഫലപ്രദവുമായി മാറുമെന്നും അദേഹം പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരിക വ്യക്തിത്വത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും വാനോളം ഉയര്‍ത്തുന്ന ഈ ബില്ലില്‍ ഒപ്പുവെക്കണമെന്ന് ഗവര്‍ണറോട് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേരളത്തിലെ സാംസ്‌കാരിക നായകർ നടത്തിയ കൂടിക്കഴ്ചയിലെ പ്രധാന ആവശ്യമെന്ന നിലയിലാണ് ബില്ല് ഒപ്പുവെയ്‌ക്കണമെന്ന അഭ്യർത്ഥന ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയത്.
















