ഇന്ന് നിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ ചന്ദ്രഗ്രഹണം നടക്കുന്നു. ചന്ദ്രന്‍ വലത്തുനിന്ന് ഇടത്തോട്ട് നീങ്ങി ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഗ്രഹണ സമയത്ത്, ചന്ദ്രന്‍ ചിങ്ങരാശിയില്‍ ആയിരിക്കും. കുറച്ചുകൂടി കൃത്യമായി പരഞ്ഞാല്‍ ചിങ്ങരാശി സ്വരൂപമായി ചിത്രീകരിക്കപ്പെടുന്ന സിംഹത്തിന്റെ പിന്‍കാലുകള്‍ക്ക് താഴെയാവും ചന്ദ്രന്റെ സ്ഥാനം.
ഭാരതത്തില്‍ പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറാം, മേഘാലയ, മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമാവും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈകിട്ട് 5.18 മുതല്‍ 5.32 വരെയാണ് ചന്ദ്രന്‍ ഭൂമിയുടെ നിഴലാല്‍ പൂര്‍ണമായി മറയ്‌ക്കപ്പെടുക. കേരളത്തില്‍ ഗ്രഹണം ഭാഗികമാണ്. ഒബ്‌സര്‍വേറ്ററിയുടെ കണക്കനുസരിച്ച് വൈകിട്ട് 6.30 മുതല്‍ 7.53 വരെയാണ് കേരളത്തില്‍ ഗ്രഹണം. എന്നാല്‍ പഞ്ചാംഗപ്രകാരം ഈ സമയത്തില്‍ വ്യത്യാസമുണ്ട്. എന്നു മാത്രമല്ല ഈ ഗ്രഹണം കേരളത്തില്‍ ആചരണീയമാണോ എന്നതിലും വിഭിന്ന പഞ്ചാംഗങ്ങളില്‍ വിഭിന്നാഭിപ്രായങ്ങളാണ് കാണുന്നത്. എങ്കിലും ഗ്രഹണത്തിനു സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ ഇത് കേരളത്തില്‍ ആചരണീയമാണ് എന്ന നിലപാടിനാണ് മുന്‍തൂക്കം.
ഗ്രഹണം വിവിധ രാജ്യങ്ങളില്‍
ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലൊക്കെ ഇന്നത്തെ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാണ്. വടക്കേ അമേരിക്കയില്‍ പ്രാേേദശികസമയം പുലര്‍ച്ചെ ആണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുക.തുടക്കം മുതല്‍ അവസാനം വരെ പടിഞ്ഞാറന്‍ വടക്കേ അമേരിക്ക, കിഴക്കന്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, വടക്കന്‍ ജപ്പാന്‍ എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും. വടക്കന്‍, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കിഴക്കന്‍ ഏഷ്യ, പസഫിക് എന്നിവിടങ്ങളിലും ചില ഘട്ടങ്ങങ്ങള്‍ ദൃശ്യമാകും.
കിഴക്കന്‍ ഏഷ്യയിലും ഓസ്ട്രേലിയയിലും വൈകുന്നേരവും, പസഫിക്കില്‍ രാത്രി മുഴുവനും വടക്കന്‍, മധ്യ അമേരിക്ക, വിദൂര പടിഞ്ഞാറന്‍ ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ പ്രാദേശികസമയം അതിരാവിലെയും പൂര്‍ണ്ണഗ്രഹണം ദൃശ്യമാകും. മധ്യേഷ്യയിലും തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. ആഫ്രിക്കയിലോ യൂറോപ്പിലോ ഗ്രഹണം ദൃശ്യമാകില്ല.
രക്തചന്ദ്രന്‍
പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നിടത്തെല്ലാം ചന്ദ്രന്‍ കടുംചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലാണ് ദൃശ്യമാകുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ ഭീമാകാരമായ നിഴല്‍ വീഴ്‌ത്തി ചന്ദ്രന്‍ കടുംചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമായി മാറുന്ന ഈ പ്രതിഭാസം രക്തചന്ദ്രന്‍ എന്നാണ് അറിയപ്പെടുന്നത്. പൂര്‍ണ്ണഗ്രഹണ ഘട്ടത്തില്‍ മാത്രമേ രക്തചന്ദ്രനെ അതിന്റെ നിറതീവ്രതയില്‍ കാണാന്‍ കഴിയൂ.
ഭൂമി സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും ചന്ദ്രനില്‍ എത്തുന്നത് തടയുകയും ചന്ദ്രോപരിതലത്തില്‍ എത്തുന്ന പ്രകാശം ഭൗമാന്തരീക്ഷത്തിലെ കട്ടിയുള്ള ഭാഗത്തിലൂടെ ഫില്‍ട്ടര്‍ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഉദയാസ്തമയങ്ങള്‍ ചന്ദ്രനില്‍ പ്രദര്‍ശിപ്പിക്കുന്നതു പോലെയാണ് അനുഭവവേദ്യമാവുക. ഇതാണ് ചന്ദ്രനെ രക്തചന്ദ്രനാക്കുക.
മാര്‍ച്ച് 8 ന്, ശുക്രന്റെയും ശനിയുടെയും ഒരു ‘സംയോജനം’ കൂടി വരുന്നുണ്ട്: ഭൂമിയില്‍ നിന്ന് ഈ രണ്ട് ഗ്രഹങ്ങളും ആകാശത്ത് പരസ്പരം അടുത്തായാണ് അന്നു ദൃശ്യമാകുക. പക്ഷേ ബഹിരാകാശത്ത് ഈ രണ്ടു ഗ്രഹങ്ങളും പരസ്പരം വളരെ അകലെയായിരിക്കും.
















