ഹോബാര്‍ട്ട്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഭാരത വനിതാ ക്രിക്കറ്റ് ടീമിന് ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയം. ആദ്യ മത്സരം തോറ്റ ഹര്‍മന്‍ പ്രീത് കൗറും കൂട്ടരും രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് പരമ്പര കൈവിട്ടിരുന്നു. ആശ്വാസ ജയമെങ്കിലും നേടുമെന്ന് കരുതിയ മൂന്നാം ഏകദിനത്തില്‍ 185 റണ്‍സിന്റെ കനത്ത തോല്‍വിയാണ് വഴങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഭാരതത്തിന് മുന്നില്‍ വച്ചത് 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ക്യാപ്റ്റന്‍ അലീസ ഹീലിയും(158) ബെത്ത് മൂണി(106)യും സെഞ്ചുറി നേടിയ മത്സരത്തില്‍ ഓസീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തു. ഭാരതത്തിനായി ശ്രീചരണിയും സ്‌നേഹ് റാണയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
വമ്പന്‍ ലക്ഷ്യത്തിന് മുന്നില്‍ പതറിയ ഭാരതത്തിന് ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തില്‍പോലും എതിരാളികള്‍ക്ക് വെല്ലുവിളിയാകാന്‍ സാധിച്ചില്ല. ഒരാള്‍ക്ക് പോലും വ്യക്തിഗത സ്‌കോര്‍ 50 തികയ്‌ക്കാനാകാതെയാണ് ഇന്നിങ്‌സ് അവസാനിച്ചത്. സ്‌നോഹ് റാണ(44) ആണ് ടോപ് സ്‌കോറര്‍. ജെമീമ റോഡ്രിഗസ്(42) അടക്കമുള്ളവര്‍ പൊരുതിയെങ്കിലും ഒരുതരത്തിലുള്ള ചലനവും ഉണ്ടാക്കാനായില്ല. ഓസ്‌ട്രേലിയയുടെ അലാനാ കിങ് നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു.
















