കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ആടിയുലഞ്ഞ് ആര്‍എസ്പി. ഇരവിപുരം സീറ്റില്‍ ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഈ തീരുമാനത്തിന് പിന്നാലെ ഇരവിപുരം മണ്ഡലത്തിലെ പാര്‍ട്ടിഘടകത്തില്‍ ശക്തമായ പൊട്ടിത്തെറിയാണ് സംഭവിച്ചത്. മണ്ഡലം സെക്രട്ടറി എന്‍. നൗഷാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. എ.എ. അസീസിനെ തോല്‍പ്പിച്ച് 2016ല്‍ എം. നൗഷാദിലൂടെ സിപിഎം പിടിച്ചെടുത്ത സീറ്റില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തഴഞ്ഞു എന്നാണ് എന്‍. നൗഷാദിന്റെ കുറ്റപ്പെടുത്തല്‍.
അനൗദ്യോഗികമായുള്ള സീറ്റ് ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ച ഇരവിപുരം സീറ്റ് മുന്‍കാല പ്രാബല്യം വച്ചാണ് ആര്‍എസ്പി നിലനിര്‍ത്തിയത്. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ശക്തമായ പിന്തുണയാണ് മുന്നണിയില്‍ കോണ്‍ഗ്രസ് നല്‍കുന്നത്. ഇതിന്റെ പ്രതിഫലനമാണ് യുഡിഎഫ് ജാഥ മൂന്ന് മാസം മുമ്പ് എംപിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയത്. ഇതിന് ശേഷം പാര്‍ട്ടിയിലും പിടിമുറുക്കിയ പ്രേമചന്ദ്രന്‍ മകന്‍ കാര്‍ത്തിക്കിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള എല്ലാ ചരടുവലികളും ആദ്യഘട്ടം മുതല്‍ നടത്തിയെന്നാണ് സൂചന.
മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ എ.എ. അസീസ് സ്വീകരിച്ച പരസ്യനിലപാടാണ് അതിന് തിരിച്ചടിയായത്. എന്‍. നൗഷാദിന് പിന്നാലെ വരുംദിവസങ്ങളില്‍ മണ്ഡലത്തില്‍ നിന്ന് മുന്‍ കൗണ്‍സിലര്‍മാരും മുന്‍ ഭാരവാഹികളുമായ നിരവധി പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ കാലം മുതല്‍ ആര്‍എസ്പി പ്രതിസന്ധികളില്‍ ഉഴലുകയാണ്. നിയമസഭാ പ്രാതിനിധ്യം ഇല്ലാതായി എന്നതാണ് അതില്‍ പ്രധാനം. വെള്ളിയാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ കാര്‍ത്തിക് പ്രേമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഷിബു ബേബിജോണ്‍ ഉറച്ചുനിന്നു. ഇതോടെ ഷിബുവിനെ അനുകൂലിച്ചവര്‍ ഉയര്‍ത്തിക്കാട്ടിയ ആളിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കില്ലെന്ന നിലപാട് എന്‍.കെ. പ്രേമചന്ദ്രനും സ്വീകരിച്ചു. തര്‍ക്കത്തിനൊടുവില്‍ സമവായ സ്ഥാനാര്‍ത്ഥിയായാണ് വിഷ്ണുമോഹനന് നറുക്ക് വീണത്. ചവറയിലെ സ്ഥാനാര്‍ത്ഥി കൂടിയായ ഷിബു, പാര്‍ട്ടിയെ രണ്ട് വിഭാഗങ്ങളിലേക്ക് കൊണ്ടുപോകുംവിധമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതു ശരിയാകില്ലെന്നുമായിരുന്നു യോഗത്തിലുയര്‍ന്ന വിമര്‍ശനം. വിഭാഗീയത ഇല്ലാതാക്കാന്‍ ഉത്തരവാദിത്വമുള്ളയാള്‍ അതിന്റെ വക്താവായി മാറുന്നത് പരിശോധക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.
പാര്‍ട്ടിക്ക് കൊല്ലം ജില്ലയില്‍ ഇരവിപുരം, കുന്നത്തൂര്‍, ചവറ എന്നീ മൂന്നിടത്താണ് മത്സരിക്കാന്‍ സീറ്റുള്ളത്. ഇതില്‍ സംവരണമണ്ഡലമായ കുന്നത്തൂരില്‍ ഉല്ലാസ് കോവൂരാകും ഇത്തവണയും മത്സരിക്കുക. ആറ്റിങ്ങലില്‍ യുവനേതാവായ സന്തോഷ് ഭദ്രന്‍ മത്സരിക്കും. പത്ത് വര്‍ഷമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിക്ക് ഒരു എംപിയുടെ ബലമാണ് ആകെയുള്ളത്. വലിയ പാരമ്പര്യം അവകാശപ്പെടുമ്പോഴും സ്ഥിതി ദയനീയമാണെന്ന വസ്തുതയും യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുമെന്നും ഇത്തവണത്തേത് നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നുമായിരുന്നു ഷിബു ബേബിജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
















