കൊച്ചി: എനിക്ക് പത്രപ്രവര്‍ത്തനരംഗത്ത് ദിശാബോധം നല്‍കിയ ഗുരുതുല്യനാണ് നാരായണ്‍ജിയെന്ന് കുമ്മനം രാജശേഖരന്‍. 49 വര്‍ഷം മുന്‍പ് ഈ ടൗണ്‍ ഹാളില്‍ വച്ചാണ് ജന്മഭൂമി ഒരു ദിനപത്രമായി ആരംഭിച്ചത്. അന്നത്തെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനായിരുന്ന ഡോ. കെ.എന്‍. രാജ് ചോദിച്ചത് ഈ പത്രം എങ്ങനെ മുന്നോട്ടുപോകുമെന്നാണ്. ആദ്യ പത്രാധിപരായിരുന്ന എം.കെ മന്മഥന്‍ പറഞ്ഞത് പ്രഗ്ത്ഭനായ മാനേജരും പത്രപ്രവര്‍ത്തകനുമായ പി. നാരായണനാണ് ഇതിന്റെ ചുമതലക്കാരനെന്നാണ്.
ഒരിക്കലും ലാഭം നോക്കിയല്ല സ്ഥാപനം മുന്നോട്ടുപോയത്. അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ഒരു വെട്ടും തിരുത്തുമില്ലാതെ നിമിഷനേരംകൊണ്ട് എഡിറ്റോറിയല്‍ എഴുതിയിരുന്നത് വലിയ സവിശേഷതയായിരുന്നു. പഴയ മെഷിന്‍ സ്ഥിരം തകരാറിലാവുകയും നന്നാക്കാന്‍ വലിയ തുക വേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ മെഷിന്‍ നന്നാക്കുന്നത് കണ്ടുപഠിച്ച് അടിക്കടി തകരാറുവരുമ്പോള്‍ ടെക്‌നിഷ്യനെ വിളിക്കാതെ നന്നാക്കി പത്രമിറക്കിയിരുന്നുവെന്നത് വലിയ അത്ഭുതമായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ വീട്ടില്‍ വരികയും അറിവ് പകരുകയും എന്നെ സംഘത്തിലേക്ക് അടുപ്പിക്കുകയും ചെയ്തത് നാരായണ്‍ജിയായിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണമായിരുന്നു മറ്റൊരു സവിശേഷത. അത് ഇപ്പോഴും തുടരുകയാണ്. തികച്ചും അഭിമാനകരമാണ് ഈ ആദരമെന്നും കുമ്മനം പറഞ്ഞു.
















