പൊന്നാനി: തിരുവനന്തപുരം -കണ്ണൂർ അതിവേഗ റയിൽപ്പാതയുടെ നിർമ്മാണം, കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മൂന്നു മാസത്തിനുള്ളിൽ തുടങ്ങുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. മറ്റു സർക്കാരുകൾ വന്നാൽ സ്ഥിതി അറിയില്ല. അവർ കേന്ദ്ര സർക്കാരിനോട് സഹകരിച്ചേക്കില്ല, എന്നാൽ ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഈ വിഷയത്തിൽ ചർച്ചയ്‌ക്ക് വന്നു. പദ്ധതി നടപ്പാക്കാൻ തയാറാണെന്ന് പറഞ്ഞു.
വാസ്തവത്തിൽ പദ്ധതിക്ക് തടസ്സമില്ല. അരുടെയും അനുമതിയും കിട്ടാൻ നിൽക്കണ്ട. കൊങ്കൺ റയിൽ പദ്ധതി ഞാൻ തുടങ്ങുമ്പോൾ അനുമതി കിട്ടിയത് നിർമ്മാണം തുടങ്ങി 4 മാസം കഴിഞ്ഞാണ്. എനിക്ക് നിയമന ഉത്തരവ് കിട്ടിയതുപോലും! പ്രായോഗികമായ പദ്ധതിക്ക് ആരാണ് തടസം നിൽക്കുക?
കേന്ദ്രവുമായി സഹകരിച്ചു പോകാൻ കേരളത്തിൽ ബി ജെ പി സർക്കാർ വന്നാൽ എളുപ്പമാകും. ഏത് സർക്കാർ സംസ്ഥാനത്തു വരുന്നുവെന്നത് അനുസരിച്ചിരിക്കും പദ്ധതി നടപ്പാകൽ. രണ്ടു മാസത്തിനകം ഞാൻ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിന് കൊടുക്കും.
ഇപ്പോഴത്തെ കേരളത്തിന്റെ പദ്ധതികൾ നടക്കില്ല. 12 വർഷമായി, രണ്ടര ലക്ഷം കോടിയാണ് പദ്ധതികൾക്ക്. ഈ അതിവേഗപ്പാതയ്‌ക്ക് കേരള സർക്കാരാണ് തടസ്സം. അവർ പറയുന്ന ആർആർടി പ്രായോഗികമല്ല. അത് മെട്രോ ആക്ടുമായി ചേരില്ല. റയിൽവേ ആക്ടിലും വരില്ല നഗരവികസന ആക്ടു പ്രകാരമാണത്. അത് ഇവിടെ നടക്കില്ല. അതിവേഗപ്പാതയ്‌ക്ക് ഭൂമി ഏറ്റെടുക്കൽ എളുപ്പമാണ്. തുച്ഛമായ തുക മതി, ഇ. ശ്രീധരൻ പറഞ്ഞു.
















