മോസ്‌കോ: ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെയും റഷ്യന്‍ എംബസിയുടെയും ആഭിമുഖ്യത്തില്‍ റഷ്യയില്‍ സംഘടിപ്പിച്ച ലോകമത പാര്‍ലമെന്റ് റഷ്യന്‍ പാര്‍ലമെന്റ് അംഗം ആഞ്ചേല എഗോറെവ്‌ന ഗ്ലാജ്‌കോവ ഉദ്ഘാടനം ചെയ്തു. ഗുരുദര്‍ശനത്തെ ലോകം പഠിക്കേണ്ടതുണ്ടെന്നും ഗുരുദേവ ദര്‍ശനത്തിന്റെയും സന്ദേശങ്ങളുടെയും മഹിമ ലോകത്താകമാനം ശാന്തിക്കും പരസ്പര സഹകരണത്തിനുമുള്ള വഴി തെളിയിക്കുമെന്നും റഷ്യന്‍ പാര്‍ലമെന്റ് അംഗം ആഞ്ചേല എഗോറെവ്‌ന ഗ്ലാജ്‌കോവ പറഞ്ഞു.
റഷ്യന്‍ ഭാഷയില്‍ തര്‍ജ്ജമ ചെയ്ത ദൈവദശകം പ്രാര്‍ത്ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മോസ്‌കോ കുസിനെന്‍ സ്ട്രീറ്റിലെ കണ്‍സെര്‍ട്ട് ഹാളില്‍ നടന്ന സമ്മേളനത്തില്‍ റഷ്യയിലെ ഭാരത അംബാസഡര്‍ വിനയ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ലോകമത പാര്‍ലമെന്റ് റഷ്യന്‍ എഡിഷന്‍ ഇവന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അധ്യക്ഷനായി.
ബുദ്ധസന്യാസി ദാഷിനിമ, സ്വാമിനി ആര്യനന്ദാദേവി (ശിവഗിരിമഠം), ഇവന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.ബാബുരാജന്‍, ഹിന്ദു കൗണ്‍സില്‍ ഒഫ് റഷ്യ ചെയര്‍മാന്‍ സാധുപ്രിയദാസ്, സോഡ് നോം ഡോര്‍ഷിവ്, ദിശപ്രസിഡന്റ് ഡോ. രമേഷ്‌സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. മോസ്‌കോയിലെ എംബസി ഒഫ് ഇന്ത്യ, ജെഎന്‍സിസി മോസ്‌കോ, ഓള്‍ മോസ്‌കോ മലയാളി അസോസിയേഷന്‍, ഇസ്‌കോണ്‍ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാര്‍ലമെന്റ് സംഘടിപ്പിച്ചത്.
















