തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് സ്കൂളിൽ വൻ തീപ്പിടിത്തം. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു. പുലർച്ചെ മൂന്നോടെയാണ് തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ബസുകളാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്.
സ്കൂളിൽ നിന്ന് തീ ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി തീയണയ്ക്കുകയായിരുന്നു. രണ്ട് വലിയ ബസുകളും ഒരു ട്രാവലറുണ് കത്തി നശിച്ചത്. മറ്റൊരു വലിയ ബസ് ഭാഗികമായും കത്തി.
അപകട സമയം സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗ്രൗണ്ടിന്റെ മറ്റൊരു വശത്തുണ്ടായിരുന്ന ട്രാവലർ വലിയ ബസുകളിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് കണ്ടെതെന്ന് സ്കൂളിലെ സെക്യൂരിറ്റി വ്യക്തമാക്കി. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
















