മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ മരണപ്പെട്ട ഉടന്‍ എല്ലാവരും വിമാനാപകടത്തില്‍ ദുരൂഹത ആരോപിച്ചപ്പോള്‍ എന്‍സിപി നേതാവ് ശരത് പവാറാണ് അപകടത്തില്‍ ദുരൂഹതയില്ലെന്ന് പരസ്യമായി പ്രസ്താവിച്ചത്. അതോടെ വിമാനാപകടത്തിലെ ദുരൂഹതയെക്കുറിച്ചുള്ള ചര്‍ച്ച കെട്ടടങ്ങിയിരുന്നു. വിമാനാപകടം ഉണ്ടായ ഉടന്‍ മോദിയും ശരത് പവാറിനെ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു.
ഇപ്പോഴിതാ ശരത് പവാറിന്റെ മരുമകനായ രാജേന്ദ്ര പവാറിന്റെ മകനായ രോഹിത് പവാര് വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. അജിത് പവാറിന്റെ സഹോദരനാണ് രോഹിത് പവാറിന്റെ അച്ഛനായ രാജേന്ദ്ര പവാര്‍. വിമാനാപകടത്തിലെ ദുരൂഹതയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന് മുന്‍പില്‍ ഉയര്‍ത്താന്‍ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെക്കൊണ്ട് പ്രേരിപ്പിച്ചതിന് പിന്നിലും രോഹിത് പവാറുണ്ട്. ശരത് പവാര്‍ വിഭാഗം എന്‍സിപിയിലെ ഉന്നതനേതാവ് രോഹിത് പവാര്‍. രോഹിത് പവാറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ശരത് പവാറിന്റെ ബുദ്ധിയാണെന്ന് കരുതുന്നു. എന്തായാലും ദേവേന്ദ്ര ഫഡ് നാവിസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ രാജ്യസഭാംഗമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശരത് പവാര്‍ സുനേത്ര പവാറിനെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്. കാരണം സുനേത്ര പവാറിന്റെ എന്‍സിപി കൂടി പിന്തുണച്ചാലേ പവാറിന് രാജ്യസഭയില്‍ എത്താന്‍ സാധിക്കൂ. എല്ലാവിധ ചാണക്യതന്ത്രങ്ങളും ശരത് പവാര്‍ പുറത്തെടുക്കുകയാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
അജിത് പവാറിന്റെ മരണത്തെതുടര്‍ന്നുള്ള വികാരം മുതലെടുത്ത് എന്‍സിപി ലയനം ഒപ്പിച്ച് ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിലെ കൊല്ലപ്പെട്ട അജിത് പവാറിന് അവകാശപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ കയ്യടക്കാനും ശരത് പവാര്‍ വിഭാഗം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞ സുനേത്ര പവാര്‍ ഭര്‍ത്താവിന്റെ മരണത്തിന്റെ മൂന്നാം നാള്‍ തന്നെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ഭര്‍ത്താവിന്റെ വകുപ്പുകള്‍ ഏറ്റെടുക്കുകയുമായിരുന്നു. ഇത് ശരത് പവാറിനെ ഞെട്ടിച്ചിരുന്നു.
എങ്കിലും പല രീതിയിലും സുനേത്ര പവാറിന്റെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ ശരത് പവാര്‍ കളിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. അജിത് പവാറിന്റെ മരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ ഒട്ടേറെ കള്ളക്കഥകളും പ്രചരിപ്പിക്കുകയാണ് രോഹിത് പവാര്.
















