കോട്ടയം: കേരള പോലീസിന്റെ പിണറായി ഭക്തിയിലുള്ള രക്ഷാപ്രവർത്തനം ആർഎസ്എസ്-ബിജെപി പ്രവർത്തകരോട് വേണ്ടെന്ന് ബിജെപി നേതാവ് എൻ.ഹരി. നിങ്ങളും നാളെ ഇതേ വഴിയിലൂടെ നടക്കേണ്ടവരാണെന്ന് ഓർമിക്കുന്നത് നന്നാവുമെന്നും എൻ ഹരി പറഞ്ഞു. കുളനടയിൽ മുഖ്യമന്ത്രിയുടെ യാത്രാവഴിയിൽ നിന്ന പ്രവർത്തകനെയാണ് അധികാര ദുർമേദസ് ബാധിച്ച പാർട്ടി അടിമയായ കൊടുമൺ സിഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചത്. സംഭവത്തിൽ നാടാകെ വലിയ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐ മദ്യലഹരിയിലാണ് അതിക്രമം അഴിച്ചുവിട്ടതെന്ന പരാതിയുണ്ട്. എന്നാൽ പതിവുപോലെ സർക്കാർ സംവിധാനങ്ങൾ നിയമലംഘകർക്ക് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. മദ്യലഹരിയിൽ ലക്കുകെട്ട സി ഐ ബിജെപി പ്രതിഷേധം ഉയർത്തിയിട്ട് സ്റ്റേഷനു പുറത്തേക്ക് വരാൻ പോലും കൂട്ടാക്കിയില്ല. കൂടാതെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാകണമെന്ന വെല്ലുവിളിയും സ്വീകരിച്ചില്ല. സർക്കാർ ഖജനാവിൽ നിന്നും പണം പറ്റുന്ന പൊതുസേവകൻ എന്ന നിലയിൽ ആക്ഷേപം ഉയർന്നാൽ അത് ദൂരീകരിക്കാനുള്ള ബാധ്യത ഉണ്ട്. അതിൽ നിന്നും ഒളിച്ചോടിയതിൽ നിന്ന് തന്നെ കുറ്റം ചെയ്തുവെന്ന് വ്യക്തം.
പിണറായിയുടെ എസ്കോർട്ട് പോലീസിന്റെ രക്ഷാപ്രവർത്തനത്തിന് കേരളം പലതവണ സാക്ഷിയായിട്ടുണ്ട്. നാൽക്കാലികളോട് പോലും പരിഷ്കൃത സമൂഹം ചെയ്യാത്ത ക്രൂരത എസ്കോർട്ടിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ചെയ്യുന്നത് കേരളം ഞെട്ടലോടെ കണ്ടതാണ്. കേരള മനസ്സാക്ഷി ഒന്നാകെ ഉണർന്നിട്ടും ഒരു നടപടിയും എടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. കേരളത്തിലെ പൊതുനിരത്തുകൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തീറെഴുതി കൊടുത്തിട്ടില്ല. സാധാരണക്കാരന്റെ വിയർപ്പിന്റെ ഫലമാണിതെല്ലാം. അത് ഒരിക്കൽ കൂടി ഇടതു സർക്കാരിനെ ഓർമിപ്പിക്കുന്നു.
അധികാരം തലയ്‌ക്കു പിടിച്ച പോലീസ് ഉദ്യോഗസ്ഥരോട് ഒരു വാക്ക്. ഇന്ന് തല്ലിച്ചതയ്‌ക്കുന്നവരെ നാളെ നിങ്ങൾ സല്യൂട്ട് ചെയ്യേണ്ടിവരും. അന്ന് തൊപ്പി തലയിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ഇപ്പോഴേ ഏറ്റെടുക്കണം. ഭരണതണലിൽ ഉള്ള ഇത്തരത്തിലുള്ള നടപടികൾ അവസാനിപ്പിക്കാൻ കേരള പോലീസിലെ സഖാക്കൾ ഇനിയെങ്കിലും തയ്യാറാകണം. അല്ലെങ്കിൽ നിയമവഴിയിൽ അത് തിരുത്തിക്കാൻ അറിയാം- ഹരി വ്യക്തമാക്കി.
















