തിരുവനന്തപുരം: ശബരിമലയിലെ ആചാരക്കേസിൽ അഞ്ചംഗബഞ്ചിന്റെ വിധിയിൽ കിട്ടിയത് വിശ്വാസികൾക്കനുകൂലമായ മികച്ച വിധിയാണെന്നും പുതിയ ഒമ്പതംഗ ബഞ്ചിൽനിന്ന് പ്രതീക്ഷിക്കുന്നത് കൂടുതൽ വ്യക്തമായ തീരുമാനങ്ങളായിരിക്കുമെന്ന് ശബരിമല കർമ്മസമിതി ദേശീയ കൺവീനർ എസ്.ജെ.ആർ. കുമാർ പ്രതികരിച്ചു.
2018ൽ അയ്യപ്പ ധർമ്മ സംരക്ഷണത്തിന് വിശ്വാസികൾ നൽകിയ റിട്ട് ഹർജിയിലാണ് ശബരിമലയിൽ യുവതീ പ്രവേശനം തടഞ്ഞുകൊണ്ട് അഞ്ചംഗ ബഞ്ചിന്റെ ഉത്തരവുണ്ടായത്. ഈ വിഷയത്തിൽ കേസിന്റെയും കോടതി നടപടികളുടെയും കൃത്യമായ വിശകലനം നടത്തിയാൽ കാര്യങ്ങൾ ബോധ്യമാകും. അഞ്ചംഗ ബഞ്ചിന്റെ വിധി പഠിക്കണം. ആ ബഞ്ചിൽ അന്ന് ഹിന്ദു സംഘടനകൾ ആവാദിച്ച ഏഴു കാര്യങ്ങളിൽ ഞങ്ങൾക്ക് അനുകൂലമായ വിധി കിട്ടി. ഒമ്പതംഗ വിശാലബഞ്ച് ഈ കേസ് കേൾക്കണമെന്ന ആവശ്യം പോലും അഞ്ചംഗ ബഞ്ചിന്റെ വിധിയാണ്. അഞ്ചംഗ ബഞ്ചിന്റെ വിധികളെക്കുറിച്ച് എന്തെങ്കിലും പുനപ്പരിശോധനയ്‌ക്ക് രൂപീകരിക്കാൻ പോകുന്ന ബഞ്ച് പരിശോധിക്കില്ല. മറിച്ച് അഞ്ചംഗ ബഞ്ചിനു മുന്നിൽ സമർപ്പിച്ച നിലപാടുകൾതന്നെയാണോ ഹർജിക്കാർക്ക്, അതോ പുതിയ നിലപാടുകൾ ഉണ്ടോ എന്നതാണ് പരിശോധനയ്‌ക്ക് വരുന്നത്. പഴയ നിലപാടുകളിൽ ഹിന്ദു സംഘടനകൾക്ക് മാറ്റമില്ല. എന്നാൽ ആവശ്യമെങ്കിൽ പുതിയ കാര്യങ്ങൾ രേഖാമൂലം സമർപ്പിക്കും.
ഒരു കാര്യം വ്യക്തമാകുകയാണ്, ശബരിമലയിലെ അയ്യപ്പധർമ്മം പുലർത്താൻ നിന്നപ്പോൾ ഞങ്ങളെ ഏതൊക്കെ തരത്തിൽ ഉപദ്രവിച്ചോ അവരൊക്കെ ഇന്ന് ജയിലിലും കേസുകളിലുമാണ്. പുതിയ വിശാല ബഞ്ചിന്റെ വിധി വരട്ടെ, കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും, എസ്.ജെ.ആർ. കുമാർ പറഞ്ഞു.
















