തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.
നിലവിൽ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റയും ദേവസ്വം വിജിലൻസിന്റെയും കൈയിലാണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുള്ളത്. ഇത് വിജിലൻസ് സംഘം പരിശോധിക്കും.
2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച വിജിലൻസിന് നിർദേശം നൽകിയിരുന്നു.
2017ലാണ് കൊടിമര പ്രതിഷ്ഠ നടന്നത്. ഇതിന് ഫീനിക്സ് ഗ്രൂപ്പ് 3.2 കോടി രൂപ സ്പോണ്സര് ചെയ്തിരുന്നു. ഇതില്‍ ബാക്കി വന്ന 16 ലക്ഷം ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നു. മാത്രമല്ല ഒരു ചലച്ചിത്ര താരവും ഒരു ജ്വല്ലറിയും കൊടിമരത്തിന് സ്വര്‍ണം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ദേവസ്വം ബോര്‍ഡ് രസീത് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രമക്കേട് നടന്നുവെന്ന സംശയം ബലപ്പെട്ടത്. ദേവസ്വത്തിന് ലഭിക്കുന്ന ഇതുപോലുള്ള സംഭാവനകള്‍ക്ക് 3എ പ്രകാരമുള്ള രസീത് നല്‍കണം. അതിനാല്‍ രേഖകളില്‍ പറയാത്ത ഈ സ്വര്‍ണം എവിടെപ്പോയി എന്ന് കണ്ടെത്തണം. ഈ ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായ ദേവസ്വം ബോര്‍ഡിന് പങ്കുണ്ടെന്നാണ് സംശയം. കൊടിമരത്തിന് പുറത്തുനിന്ന് ലഭിച്ച സഹായങ്ങള്‍ ദേവസ്വം രേഖകളിലുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുക.














