നെടുമ്പാശ്ശേരി: സിയാലിനെ സമ്പൂര്‍ണ ഏവിയേഷന്‍ ഇക്കോ സിസ്റ്റമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാല്‍ എയ്‌റോ പാര്‍ക്ക് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഐടി പാര്‍ക്ക് ഉള്‍പ്പെടുന്ന രണ്ടാം ഘട്ടവും എയ്‌റോ സിറ്റി ഉള്‍പ്പെടുന്ന മൂന്നാം ഘട്ടവും ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
എയ്‌റോ പാര്‍ക്കില്‍ പുതിയതായി ചേര്‍ത്ത 40,000 ചതുരശ്ര അടിയില്‍ 30 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്റര്‍, എയര്‍സൈഡ് ഓപ്പറേഷന്‍സിന്റെ സുരക്ഷക്കായുള്ള 13 കോടിയുടെ ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റി, അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് രണ്ട് കോടി ചെലവില്‍ നിര്‍മിച്ച ഏറ്റവും വലിയ ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഇതിനോടൊപ്പം വ്യോമയാന സുരക്ഷാ പരിശീലനത്തിനായി എട്ട് കോടി രൂപയുടെ ഏവിയേഷന്‍ പ്രഷര്‍-ഫെഡ് ഫയര്‍ ഫൈറ്റിങ് ഫെസിലിറ്റി, ഭാരതത്തിലാദ്യമായി ഒരു വിമാനത്താവളത്തിനുള്ളില്‍ മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അണ്ടര്‍ വാട്ടര്‍ റെസ്‌ക്യൂ ട്രെയിനിങ് ഫെസിലിറ്റി എന്നിവയുടെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സിയാല്‍ ഡയറക്ടറും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ്ജ്, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പോള്‍, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ്, അങ്കമാലി മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.വൈ. ഏലിയാസ്, സിയാല്‍ ഡയറക്ടര്‍മാരായ ഇ.കെ. ഭരത് ഭൂഷണ്‍, എന്‍.വി. ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, സിയാല്‍ എംഡി എസ്. സുഹാസ്, സിഐഎഎസ്എല്‍ എംഡി സന്തോഷ് ജെ. പൂവാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.















