ന്യൂദല്‍ഹി: 2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആറ് വര്‍ഷത്തില്‍ ഇന്ത്യയുടെ ആക്രമണം ഏറെ ആധുനികമാകുന്നതാണ് കണ്ടത്.
ബാലക്കോട്ട് ആക്രമണം
പാകിസ്ഥാന് നേരെ ഇന്ത്യയുടെ ബാലകോട്ട് ആക്രമണം നടന്നത് 2019 ഫെബ്രുവരി 26 നായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങൾ കശ്മീരും കടന്ന്, പാക് നിയന്ത്രിത കശ്മീരും കടന്ന് നിയന്ത്രണരേഖ (LOC)യ്‌ക്കപ്പുറം പാകിസ്ഥാനിലേക്ക് 15 കിലോമീറ്ററോളം ഉള്ളില്‍ പോയാണ് ഇന്ത്യ ബാലകോട്ടില്‍ ആക്രമിച്ചത്. പുൽവാമയില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പ്രതികാരമായിട്ടായിരുന്നു ഈ പ്രത്യാക്രമണം. ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തിൽപ്പെട്ട പോർ വിമാനങ്ങള്‍ ഏകദേശം 1000 കിലോ ബോംബുകൾ പാകിസ്താനിലെ ബാലകോട്ടില്‍ വർഷിച്ചു. ഈ ആക്രമണം ഏകദേശം 21 മിനിറ്റോളമേ നീണ്ടുനിന്നുള്ളൂ. വ്യോമാക്രമണത്തിൽ 250-350 ജെയ്‌ഷ് ഇ മൊഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ഇന്ത്യ അവകാശപ്പെട്ടു.
ആധുനിക ആക്രമണമുഖം തുറന്ന് ഓപ്പറേഷന്‍ സിന്ദൂര്‍
ബഹവല്‍പൂറില്‍ ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് തകര്‍ത്തത്.
പക്ഷെ ഓപ്പറേഷന്‍ സിന്ദൂറില്‍ ആധുനികമായ യുദ്ധമുഖമാണ് ഇന്ത്യ തുറന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ റഫാല്‍ യുദ്ധവിമാനം ഉപയോഗിച്ച് ബഹാവല്‍പൂറില്‍ നടത്തിയ ആക്രമണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതായത് ഇന്ത്യയുടെ അതിര്‍ത്തിക്ക് ഉള്ളില്‍ നിന്നുകൊണ്ടാണ് ഇന്ത്യ ആ ആക്രമണം നടത്തിയത്. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ,പാകിസ്ഥാനിന്റെ മണ്ണില്‍ 100 കിലോമീറ്റര്‍ ഉള്ളിലുള്ള ബഹവല്‍പൂറില്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.
ബഹവല്‍പൂര്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വന്‍നഗരങ്ങളാണ്. എന്നാല്‍ അവിടെ ജെയ്ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് നിലംപരിശാക്കിയത്. വെറും 12 മിനിറ്റ് മാത്രം നീണ്ടു നിന്ന ആക്രമണം. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്ന റഫാലില്‍ നിന്നും തൊടുത്ത സ്കാല്‍പ് മിസൈലുകളാണ് ദൗത്യം നിര്‍വ്വഹിച്ചത്. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത് മിസൈലാണ് സ്കാല്‍പ്. മാത്രമല്ല, ശക്തമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ കോണ്‍ക്രീറ്റുകൊണ്ട് ശക്തിപ്പെടുത്തിയ ബങ്കറുകളോ തുളച്ചുകയറാന്‍ സ്കാല്‍പ് മിസൈലിന് കഴിവുണ്ട്. ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് കൂടിയായ ഭീകരര്‍ക്ക് പരിശീലനം നല‍്കുന്ന സ്ഥലം എന്നത് സാധാരണ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മേല്‍ക്കൂരയിട്ട ഷെഡ്ഡുകളല്ല, നല്ല ഉറച്ച, കൂറ്റന്‍ ആഡംബര കോണ്‍ക്രീറ്റ് കെട്ടിടമാണ്.
എന്തായാലും ആക്രമണം നടത്താല്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പാകിസ്ഥാനകത്തുള്ള ബഹവല്‍പൂരിലേക്ക് പറന്ന് ചെല്ലേണ്ടി വന്നില്ല. പകരം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് 100 കിലോമീറ്ററോളം ദൂരെയുള്ള ഈ പാക് നഗരങ്ങളിലേക്ക് റഫാലില്‍ നിന്നും സ്കാല്‍പ് മിസൈല്‍ അയയ്‌ക്കുകയായിരുന്നു. 100 കിലോമീറ്റര്‍ ദൂരത്തേക്ക് പറന്ന് ചെന്ന് കൃത്യമായി പാക് ഭീകരക്യാമ്പുകള്‍ കത്തിക്കുകയായിരുന്നു ഈ മിസൈലുകള്‍. ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതിന്റെ വീഡിയോകള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഭീകരവാദക്യാമ്പുകളിലല്ലാതെ, ചുറ്റുപാടും താമസിക്കുന്ന സാധാരണപൗരന്‍മാര്‍ക്കോ അവരുടെ വീടുകള്‍ക്കോ ഒരു കേടുപാടും പറ്റിയില്ല. അത്രയ്‌ക്ക് കിറുകൃത്യമായിരുന്നു ഇന്ത്യയുടെ ആക്രമണം. അതെ ഇന്ത്യയുടെ യുദ്ധരീതികള്‍ കൂടുതല്‍ കൂടുതല്‍ ആധുനികമാവുകയാണ്. ഇന്ത്യയ്‌ക്കുള്ളില്‍ നിന്നു കൊണ്ട്, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള ഭീകരവാദക്യാമ്പ് കൃത്യമായി തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യയുടെ ആധുനിക യുദ്ധവൈഭവത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
















