ന്യൂദൽഹി: സീഷെൽസിന് ഭാരതത്തിന്റെ കൈത്താങ്ങ്. 175 ദശലക്ഷം ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഭാരതം. ഭവന നിർമാണം, ആരോഗ്യം, പ്രതിരോധം, ഊർജം, കാലാവസ്ഥാ വിഷയങ്ങൾ തുടങ്ങിയ മേഖലകളിൽ പിന്തുണ നൽകും. പ്രാദേശിക കറൻസികളിൽ വ്യാപാരം വർദ്ധിപ്പിക്കും. സീഷെൽസ് സിവിലിയൻ ജീവനക്കാർക്ക് ഭാരതം പരിശീലനം നൽകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും ദൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവയ്‌ക്കുകയും ചെയ്തു. സംയുക്ത പത്രസമ്മേളനത്തിൽ, സീഷെൽസിനെ വിശ്വസ്ത പങ്കാളിയായി പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. പ്രസിഡന്റായതിനുശേഷം ഹെർമിനിയയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. രാജ്യത്തിന്റെ 50-ാം സ്വാതന്ത്ര്യ വാർഷികത്തിൽ മോദിയെ വിശിഷ്ടാതിഥിയായി ക്ഷണിക്കാൻ കൂടിയാണ് സീഷെൽസ് പ്രസിഡന്റ് ഹെർമിനി ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ഫിൻടെക്, ഡിജിറ്റൽ പരിഹാരങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുമെന്ന് സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി അറിയിച്ചു. “ഇന്ത്യ-സീഷെൽസ് ബന്ധങ്ങളുടെ ശക്തമായ അടിത്തറയാണ് വികസന പങ്കാളിത്തങ്ങൾ. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും സീഷെൽസിന്റെ മുൻഗണനകളെയും ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സമുദ്ര അയൽക്കാരനും വിശ്വസ്ത പങ്കാളിയുമായ സീഷെൽസ് ഇന്ത്യയുടെ സമുദ്രവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിന്റെ ഒരു പ്രധാന ഭാഗമാണ്. കര, കടൽ, വായു എന്നീ മൂന്ന് മേഖലകളിലും ഇന്ത്യയും സീഷെൽസും തമ്മിലുള്ള സഹകരണം തുടർച്ചയായി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്,” എന്നും പ്രധാനമന്ത്രി അറിയിച്ചു.
















