ന്യൂദല്‍ഹി: ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ ഒരു ഉപഗ്രഹത്തില്‍ നിന്നും സസൂക്ഷ്മം നിരീക്ഷിക്കാവുന്ന തദ്ദേശീയമായ സാങ്കേതികവിദ്യ കണ്ടുപിടിക്കുകയും അത് പരീക്ഷണത്തിലൂടെ ഉറപ്പിക്കുകുയം ചെയ്തിരിക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി. ബഹിരാകാശരംഗത്ത് ഗവേഷണം നടത്തുന്ന ഒരു സ്വകാര്യ കമ്പനിയാണ് നിര്‍ണ്ണായകമായ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസിസ്റ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ബഹിരാകാശത്ത് നിന്നും ചാരപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ബഹിരാകാശസാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യയിലെ സ്വകാര്യകമ്പനികളും വലിയ മുന്നേറ്റം നടത്തുകയാണ്. ഈ രംഗത്ത് ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകളും എത്തിയിരിക്കുന്നു.
വെറും 80 കിലോഗ്രാം മാത്രം ഭാരമുള്ള എബിഎ ഫസ്റ്റ് റണ്ണര്‍ എന്ന അസിസ്റ്റയുടെ ഉപഗ്രഹമാണ് വലിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് വഴിയാണ് അസിസ്റ്റ അവരുടെ ഉപഗ്രഹം ബഹിരാകാശത്തേക്ക് അയച്ചിരുന്നത്. ഇത് ഒരു റിമോട്ട് സെന്‍സിങ്ങ് ഉപഗ്രഹമാണ്.
ഫെബ്രുവരി മൂന്നിന് രണ്ട് പരീക്ഷണങ്ങള്‍ നടത്തി. ഈ പരീക്ഷണങ്ങള്‍ രണ്ടും വിജയകരമായി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ചിത്രങ്ങള്‍ വ്യക്തമായി ഈ പരീക്ഷണങ്ങളിലൂടെ പകര്‍ത്തിയിരിക്കുകയാണ് അസിസ്റ്റയുടെ ഉപഗ്രഹം. സൂക്ഷ്മ ഭൂഗുരത്വാകര്‍ഷണത്തെക്കുറിച്ച് പഠിക്കാന്‍ വേണ്ടി ഭൂമിയുടെ ലോവര്‍ ഭ്രമണപഥത്തില്‍ നീങ്ങുന്ന ഉപഗ്രഹമാണ് അന്താരാഷ്‌ട്ര ബഹിരാകാശനിലയം. യുഎസിന്റെ നാസ, റഷ്യയുടെ റോസ്കോസ്മോസ്, യൂറോപ്പിന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സാ, കാനഡയുടെ സിഎസ്എ എന്നീ ലോകപ്രശസ്ത ബഹിരാകാശ ഏജന്‍സികള്‍ സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ അന്താരാഷ്‌ട്ര ബഹിരാകാശനിലയം.. ആദ്യ പരീക്ഷണത്തില്‍ 300 കിലോമീറ്റര്‍ അകലെയുള്ള വസ്തുവിന്റെ ചിത്രം പകര്‍ത്താന്‍ സാധിച്ചു. രണ്ടാമത്തെ പരീക്ഷണത്തില്‍ 245 കിലോമീറ്റര്‍ അകലെയുള്ള ചിത്രം പകര്‍ത്താന്‍ കഴിഞ്ഞു. അതിവേഗം കുതിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തെ പിന്തുടര്‍ന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതോടെ ബഹിരാകാശ ഭ്രമണപഥങ്ങളിലൂടെ നീങ്ങുന്ന ശത്രുവിന്റെ ഉപഗ്രഹങ്ങളെയും മറ്റ് വസ്തുക്കളെയും പിന്തുടര്‍ന്ന് ചെന്ന് ചിത്രം പകര്‍ത്താന്‍ അസിസ്റ്റയുടെ എബിഎ ഫസ്റ്റ് റണ്ണര്‍ എന്ന ഉപഗ്രഹത്തിനാകും. അതായത് ബഹിരാകാശത്തും ഒരു ചാരപ്രവര്‍ത്തനം ആകാമെന്ന് ചുരുക്കം. പ്രതിരോധമേഖലയില്‍ ഇന്ത്യയ്‌ക്ക് ഏറെ സഹായകരമാകുന്ന സാങ്കേതികവിദ്യയായിരിക്കും ഇതെന്ന് പറയുന്നു. ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ തകര്‍ക്കാനും വഴി തെറ്റിക്കാനും നിരീക്ഷിക്കാനും ഒക്കെയുള്ള പുതിയ ബഹിരാകാശസാങ്കേതിക വിദ്യകളും യുദ്ധത്തിന്റെ ഭാഗമാകുന്ന കാലമാണിത്.
















