കെ.പി.ശശിധരന്‍/ എം.ശ്രീഹര്‍ഷന്‍
‘വാര്‍ത്തികം’ നിന്നുപോയെങ്കിലും അതില്‍ മുഖപ്രസംഗം എഴുതിയ കാലത്തെ അതേ ജാഗ്രതയോടെ നമ്മുടെ രാഷ്‌ട്രീയ-സാംസ്‌കാരിക മണ്ഡലത്തെ അതിന്റെ പൂര്‍ണതയോടെ കണ്‍പാര്‍ത്തുകൊണ്ട് തന്റെ നിരീക്ഷണങ്ങള്‍ പ്രൊഫ. കെ.പി. ശശിധരന്‍ ഇപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാഷയ്‌ക്ക് പണ്ടത്തേക്കാള്‍ മൂര്‍ച്ചയും കരുത്തും സൗന്ദര്യവും ഉണ്ട്.
വാക്കിന്റെ തൊലിപ്പുറത്തെ പരുപരുപ്പോ മിനുമിനുപ്പോ മാത്രം സ്പര്‍ശിച്ച് ശശിധരന്‍ മാസ്റ്ററെ ഉദാസീനമായി വായിച്ചുപോകാന്‍ കഴിയില്ല. വാക്കിനുള്ളിലെ വിത്തിന്റെ നവരസങ്ങള്‍ രസനകളിലേക്ക് ആവാഹിച്ചാല്‍ മാത്രമേ ആ എഴുത്തിന്റെ ആഘാതം തിരിച്ചറിയാനാവൂ. ഓരോ വാക്കും ഒന്നിലേറെ നോക്കായി മാറുന്നതു കാണാം. ഒരേസമയം പല ദിശകളിലേക്ക് തിരിച്ചുവയ്‌ക്കാവുന്ന വഴിവിളക്കു പോലെ അത് വായനക്കാരെ വ്യത്യസ്ത ചിന്തകളിലേക്ക് നയിക്കും.
”പാസീവ് ആയി എഴുതാന്‍ എനിക്ക് ഒരിക്കലും കഴിയില്ല. ആക്ടീവ് ആയി എഴുതാനേ കഴിയൂ. അതിനായി എങ്ങനെ ഭാഷയുടെ മൂര്‍ച്ച കൂട്ടാം എന്ന് മനപ്പൂര്‍വം ശ്രദ്ധിക്കാറുണ്ട്. ചിലപ്പോള്‍ രോഷം വളരെയധികമുണ്ടാവുമ്പോള്‍ അറിയാതെതന്നെ ഭാഷയ്‌ക്ക് കൂര്‍പ്പ് കൂടിപ്പോവും. ഭാഷ ഒരിക്കലും സങ്കീര്‍ണമല്ല. ചില ആളുകള്‍ അതിനെ സങ്കീര്‍ണമാക്കി മാറ്റാന്‍ ശ്രമിക്കാറുണ്ട്. പറയാനുള്ള ആശയത്തെ സംബന്ധിച്ച് സ്വയം വ്യക്തതയില്ലാത്തവരാണ് അത്തരക്കാര്‍. നമുക്ക് പറയാനുള്ളതിനെക്കുറിച്ച് സുവ്യക്തമായ ധാരണ മനസ്സിലുണ്ടെങ്കില്‍ അതിനനുസരിച്ച് ഭാഷ ഋജുവും ലളിതവും ശക്തവുമായി മാറും.
”മഹാഭാരതം ആദ്യംതൊട്ട് അവസാനം വരെ വായിച്ചാല്‍ അതിന്റെ ഭാഷയില്‍ യാതൊരു സങ്കീര്‍ണതയും ഇല്ലെന്ന് മനസ്സിലാവും. അല്‍പ്പമൊരു പ്രയാസം നേരിടുന്ന ഭാഗം ഭഗവദ്ഗീത മാത്രമായിരിക്കും. അതിലടങ്ങിയ ആശയത്തിന്റെ കനമാണതിനു കാരണം, ഭാഷയുടേതല്ല. ശാസ്ത്രമാണ് അതിലുടനീളമുള്ളത്. തത്ത്വചിന്തയാണ്. ബാക്കിയിടങ്ങളിലൊക്കെ ഭാഷ ലളിതമാണ്. രാമായണത്തിലും ഇതുതന്നെയാണ് അവസ്ഥ. നമ്മുടെ പഴയ ഗ്രന്ഥകാരന്മാരൊന്നും സങ്കീര്‍ണമായ ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പാശ്ചാത്യസ്വാധീനം മൂലം ഇടയ്‌ക്കു കയറിവന്ന ഒന്നാണ് ഭാഷയിലെ ക്ലിഷ്ടത. സങ്കീര്‍ണമാക്കിയാലേ ഞാന്‍ മറ്റുള്ളവരില്‍നിന്ന് വേറിട്ടു നില്ക്കുന്നവനാകൂ എന്ന ഒരു മിഥ്യാധാരണ പാശ്ചാത്യശൈലി പിന്‍പറ്റിയ എഴുത്തുകാരില്‍ വളര്‍ന്നുവന്നതാണ് അതിനു കാരണം.
”ഹാസ്യം കലരുമ്പോഴാണ് ഭാഷയ്‌ക്ക് മൂര്‍ച്ചയുണ്ടാവുന്നത് എന്ന് വി.കെ.എന്നിന്റെ രചനകളും വിജയന്റെ കാര്‍ട്ടൂണ്‍സ്വഭാവമുള്ള കഥകളും നമ്മെ ബോധ്യപ്പെടുത്തും. എന്റെ എഴുത്തില്‍ നര്‍മ്മത്തോട് വലിയ പ്രതിപത്തി ഉണ്ടാവുന്നത് അതുകൊണ്ടാണ്. പരിഹാസത്തിന്റെ ഏറ്റവും വലിയ ഗുണം പറയാനുള്ള സന്ദേശം ഏറ്റവും എളുപ്പത്തിലും ശക്തിയോടെയും വിനിമയം ചെയ്യപ്പെടുന്നു എന്നതാണ്.”
കെ.പി. ശശിധരന്‍ വാര്‍ത്തികത്തില്‍ എഴുതിയ ‘തെരഞ്ഞെടുത്ത 51 മുഖപ്രസംഗങ്ങള്‍’ കുരുക്ഷേത്ര പ്രകാശന്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നവീനമായ ഭാഷാശൈലിയും വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്റെ സാംഗത്യവും വിശകലനരീതിയും വിമര്‍ശനസമ്പ്രദായവും ഈ പുസ്തകം സാക്ഷ്യപ്പെടുത്തും.

‘വാര്‍ത്തിക’ത്തിന്റെ എല്ലാ ലക്കങ്ങളിലും കലാ-സാഹിത്യരംഗത്തെ വിഖ്യാതരായ ഏതെങ്കിലും എഴുത്തുകാരുടെ ഓരോ നഖചിത്രം ശശിധരന്‍മാസ്റ്റര്‍ എഴുതാറുണ്ട്. അര പേജിലോ ഒരു കോളത്തിലോ ഒതുങ്ങുന്ന ചെറുകുറിപ്പ്. ഏതു വ്യക്തിയെയാണോ അവതരിപ്പിക്കുന്നത്, അവരുടെ മേഖലയില്‍ അവര്‍ ചെയ്ത പ്രധാന സംഭാവന എന്തൊക്കെ എന്നതിനു പുറമെ അവരെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലും അതില്‍ ഇഴുകിച്ചേര്‍ന്നിരിക്കും. അനന്യമായ ഒരു ഭാഷാശൈലിയില്‍. അവയ്‌ക്ക് കൊടുക്കുന്ന തലക്കെട്ടിനും പുതുമയും ആകര്‍ഷകത്വവും ഉണ്ടാവും. ഉദാഹരണമായി, സക്കറിയയെക്കുറിച്ചുള്ള കുറിപ്പിന്റെ തലവാചകം ‘പാല മുതല്‍ പാലം വരെ’ എന്നായിരുന്നു. 1985 മാര്‍ച്ച് മാസം വാര്‍ത്തികത്തിന്റെ ആദ്യലക്കത്തില്‍ അക്കിത്തത്തെക്കുറിച്ചാണ് എഴുതിയത്. അതിന്റെ ശീര്‍ഷകം ‘നേതി, നേതി’ എന്നായിരുന്നു. മഹാകവിയെ ശശിമാഷ് ഇങ്ങനെയാണ് അതില്‍ അടയാളപ്പെടുത്തുന്നത്:
”തളിരും, പൂവും കായും മാറിമാറി അണിയുന്ന മരത്തിന്റെ കാന്തിയും, ഒടുവില്‍ സ്വയം ഇലപൊഴിച്ച് ധ്യാനത്തിലേക്ക് നീങ്ങുമ്പോഴുള്ള അതിന്റെ മൗനഗാംഭീര്യവും നമ്മെ ഒരുപോലെ ആകര്‍ഷിക്കുന്നു. സൗന്ദര്യമില്ലാത്ത ഒരു ചലനംപോലും പ്രകൃതിയിലെ മാറ്റങ്ങള്‍ക്കിടയില്‍ കണ്ടെത്തുവാന്‍ കഴിയില്ല. അക്കിത്തത്തിന്റെ കവിത പ്രകൃതിയെ ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതി സാക്ഷാത്ക്കരിക്കുന്നതുപോലെ തന്നെ, ഈ കവിയുടെ രചനകളും സര്‍ഗപ്രഗതിയുടെ ഋതുഭേദങ്ങളെ കാഴ്ചവെക്കുന്നു. അക്കിത്തത്തിന്റെ ആദ്യകാല കവിതകള്‍ കാല്‍പ്പനികതയും, ആദര്‍ശപരതയും ഒരുമിച്ചു സഞ്ചരിച്ച ഒരു കാലഘട്ടത്തിന്റെ പ്രതിധ്വനികളാണ്. വി.ടിയെപ്പോലുള്ളവര്‍ കൊളുത്തിയ തിരിയിലെ വെളിച്ചം അതില്‍ കാണപ്പെടുന്നുണ്ടോ? മധുവിധു, മധുവിധുവിനുശേഷം എന്നീ സമാഹാരങ്ങള്‍ ശ്രദ്ധേയമാണ്. ആദര്‍ശ ലോകത്തെ ഗ്രസിച്ച വത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ കവിയില്‍ ജനിപ്പിച്ച അസ്വസ്ഥതകളാണ് അക്കിത്തത്തിന്റെ കവിതയുടെ രണ്ടാം ഘട്ടത്തെ ചൈതന്യവത്താക്കുന്നത്.
”ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും, ബലിദര്‍ശനവും മറ്റും മൂല്യഹാനി സംഭവിച്ച ജീവിതത്തെ വീക്ഷിക്കുന്ന വിഹ്വലമായ കവിഹൃദയത്തിന്റെ പ്രതിഫലനങ്ങളായി കണക്കാക്കാം. അക്കിത്തത്തിന്റെ സര്‍ഗസീമയായി ഇവയെ പലരും പരിഗണിച്ചു. ‘നേതി നേതി’, അഗ്‌നിഹോത്രിയുടെ സംസ്‌കാരം മന്ത്രിച്ചു. ഇനിയും കണ്ടെത്തേണ്ടതായ, പൂര്‍വികര്‍ തിരഞ്ഞുകൊണ്ടേയിരുന്ന സത്യത്തെ ആവിഷ്‌ക്കരിക്കുവാനുള്ള കവിസപര്യ തുടര്‍ന്നുനടന്നു. സൂത്രം പോലെ അല്‍പ്പാക്ഷരവും അനവദ്യവും സാരവത്തുമായ കവിതകള്‍, എണ്ണത്തില്‍ ചുരുങ്ങിയവ, ഈ മൂന്നാം ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടു. ആദ്യകാലത്തെ പ്രത്യേകതയായിരുന്ന, ‘കാവ്യസംസാരത്തിലെ ഏകപ്രജാപതി’ എന്ന ഭാവം അലിഞ്ഞലിഞ്ഞില്ലാതായി. വെറുമൊരു നിമിത്തകാരണം പോലെ അലക്കുകല്ലുപോലെയുള്ള തന്റെ ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണു ഇവിടെ കാണപ്പെടുന്നത്. പൂഷാവിന്റെ മുമ്പില്‍ അത്ഭുതം കൂറുന്ന ഋഷിയുടെ മനസ്സ് തന്നെയാണ് ഇവിടെയും. ഇപ്പോള്‍ യജ്ഞകര്‍മ്മങ്ങളോടുള്ള കവിയുടെ ആഭിമുഖ്യം എന്തുകൊണ്ടാണ്? യാഗത്തിലേക്കുള്ള കവിതയുടെ പുരോഗതിയാണോ ഇത്!”
ഭാഷയിലും ചിന്തയിലും വിജയന് സംഭവിച്ചത്
ഭാഷയെ പുതിയ തലങ്ങളിലേക്ക് നയിക്കുന്ന എഴുത്തുകാരാണ് സാഹിത്യത്തെ വളര്‍ത്തുന്നത് എന്ന പക്ഷക്കാരനാണ് ശശിധരന്‍ മാസ്റ്റര്‍. എം.പി. നാരായണപിള്ള, ഒ.വി.വിജയന്‍, വി.കെ.എന്‍ തുടങ്ങിയ കഥാകാരന്മാരും കുഞ്ഞിരാമന്‍നായര്‍, അക്കിത്തം തുടങ്ങിയ കവികളും മലയാളത്തിലെ സാഹിത്യഭാഷയ്‌ക്ക് നല്കിയ സവിശേഷമായ വിതാനങ്ങള്‍ അന്യാദൃശമാണ്. അവരെ അദ്ദേഹം വിലയിരുത്തുന്നത് ഇങ്ങനെയാണ്:
”സങ്കീര്‍ണമല്ലാത്ത ഭാഷയുടെ മികച്ച മാതൃക മലയാളത്തിലുണ്ടായിരുന്നു. പൂന്താനത്തിന്റെ ലളിതമലയാളത്തിന്റെ വിശാലമായ ധാര ഓര്‍ക്കുക. അതിസരളമായ മലയാളത്തിന്റെ ആധുനികകാലത്തെ വലിയൊരു ഉദാഹരണം എം.പി. നാരായണപിള്ളയാണ്. അദ്ദേഹത്തിന്റെ ഭാഷാശൈലി എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
”ഒ.വി. വിജയന്റെ മലയാളം എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഒരു പുതിയ ഭാഷയുണ്ടാക്കി. അടിസ്ഥാനപരമായി മലയാളഭാഷയില്‍ വലിയ പാണ്ഡിത്യം വിജയനില്ല. ഇംഗ്ലീഷ്ഭാഷയിലാണ് കൂടുതല്‍ അവഗാഹമുള്ളത്. പക്ഷേ അദ്ദേഹം എത്ര ഭംഗിയായിട്ടാണ് പുതിയൊരു മലയാളഭാഷ ഉപയോഗിച്ചത്. രണ്ടുപദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ പ്രയോഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് അത്യപൂര്‍വമായ അര്‍ഥതലങ്ങളാണ് വിജയന്‍ സൃഷ്ടിക്കാറ്. പദങ്ങള്‍ക്കുവേണ്ടി ധ്യാനിക്കുന്ന ഇത്തരമൊരു എഴുത്തുകാരന്‍ വേറെയുണ്ടോ എന്ന് സംശയമാണ്. അങ്ങനെ മനനംചെയ്ത് സ്ഫുടംചെയ്‌തെടുത്ത ഭാഷയായതുകൊണ്ടാണ് അത് മലയാളികളുടെ സംവേദനത്തെ വല്ലാതെ ത്രസിപ്പിച്ചത്. ഒരു വാക്കിനുവേണ്ടി അദ്ദേഹം ഒരുപാട് കാലം തപസ്സിരുന്നിട്ടുണ്ടാവും.
”പ്രോ കമ്യൂണിസ്റ്റായി തുടങ്ങുകയും അവസാനം ഒരു ആന്റി കമ്യൂണിസ്റ്റായി പരിണമിക്കുകയും ചെയ്ത ആളാണ് വിജയന്‍. ഖസാക്കിന്റെ ഇതിഹാസത്തില്‍ത്തന്നെ.
”അടിസ്ഥാനപരമായി വിജയന്‍ ഒരു കാര്‍ട്ടൂണിസ്റ്റാണ്. കാര്‍ട്ടൂണിനെ ഒരു കഥയാക്കാന്‍ അല്‍പ്പമൊന്ന് വികസിപ്പിച്ചാല്‍ മാത്രം മതി. അടിയന്തരാവസ്ഥാക്കാലത്ത് അത് അദ്ദേഹം നന്നായി പ്രയോഗിച്ചിട്ടുണ്ട്. ‘ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം’ എന്നതരത്തിലുള്ള കാര്‍ട്ടൂണ്‍ വരയ്‌ക്കുന്ന അതേ പാറ്റേണില്‍ തന്നെയാണ് ‘ഒരു നീണ്ട രാത്രിയുടെ ഓര്‍മ്മക്കായി’ എന്ന സമാഹാരത്തിലെ കഥകള്‍ എഴുതിയതും. കാന്‍വാസ് വലുതാവുന്തോറും ഭാഷയുടെ മൂര്‍ച്ച കുറയും. അതുകൊണ്ടാണ് കഥകള്‍ കൂടുതല്‍ അതിശയിപ്പിക്കുന്നത്.

”വിജയന്റെ അവസാനകാലത്തെ നോവലുകളില്‍, ഖസാക്കു മുതല്‍ ‘മധുരംഗായതി’ വരെയുള്ള നോവലുകള്‍ക്കുണ്ടായിരുന്ന ശക്തി നഷ്ടപ്പെട്ടുപോയി. ശാരീരികമായ അവശതകള്‍ കാരണം പറഞ്ഞുകൊടുത്ത് എഴുതിച്ചതുകൊണ്ടാവണം അത്. വിജയന്റെ നോവലുകള്‍ ദുര്‍ബലമായപ്പോഴും കോളമെഴുത്തില്‍ അദ്ദേഹത്തിന്റെ രാഷ്ടീയവിശകലനങ്ങളുടെ ശക്തിയും ഭാഷയുടെ മൂര്‍ച്ചയും ചോര്‍ന്നുപോയിരുന്നില്ല. ഒരു നോവല്‍ എഴുതാനുള്ള വലിയ സമയം ഇതിന് ആവശ്യമില്ല എന്നതാവാം കാരണം. ഇന്നത്തെ കേരളത്തിന്റെ ബുദ്ധിജീവിലോകത്തില്‍ വിജയന് സ്ഥാനമില്ല. അവര്‍ അദ്ദേഹത്തെ പടിയടച്ചു പുറത്തുകളഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് വിമര്‍ശകനായതും തന്റെ ദര്‍ശനം ഹൈന്ദവമാണ് എന്നു പറഞ്ഞതുമാണ് കാരണം.
”വിജയന്റെ എഴുത്തിന്റെ ഗ്രാഫ് എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് ഇതിഹാസത്തിന്റെ ഇതിഹാസം എന്ന പുസ്തകം സൂക്ഷ്മമായി വായിച്ചാല്‍ മനസ്സിലാവും. ആധ്യാത്മികചിന്തയിലേക്കുള്ള യാത്ര തുടങ്ങലായിരുന്നു ‘ഖസാക്കിന്റെ ഇതിഹാസം’. പിതൃപുത്ര ബന്ധം. പിതൃസ്ഥാനത്ത് പ്രപഞ്ചത്തെയാണ് കാണുന്നത്. ഗുരു. ഏതുകാലത്തും ഭൂമിയില്‍ ഇതുതന്നെയേ ഉള്ളൂ. പിതൃപുത്രബന്ധം. ‘കടല്‍ത്തീരത്ത്’ എന്ന അവസാനകാല കഥയിലും അത് കാണാം. പിതാവ് പുത്രന്റെ പിതൃക്രിയ ചെയ്യുന്നു എന്ന വൈരുധ്യത്തിലാണ് ആ കഥ അവസാനിക്കുന്നത്. സാധാരണ നാം പറയുക ഒരാള്‍ കരപറ്റി എന്നാണെങ്കില്‍ ഈ കഥയില്‍ വെള്ളായിയപ്പന്‍ കടല്‍പറ്റുകയാണ്. നിയതമായ സംഭാഷണങ്ങളില്ല അതില്‍. ആത്മഗതങ്ങള്‍ മാത്രമേയുള്ളൂ. പറയുന്നതെല്ലാം തന്നോടുതന്നെയാണ്. മകന്‍ എന്നാല്‍ ഞാന്‍ തന്നെയാണ്. നിനക്ക് മരണമില്ല, നീ നിന്റെ പുത്രനിലൂടെ ജീവിക്കുന്നു എന്നാണ് ഉപനിഷദ്‌വാക്യം. പാലക്കാട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന ‘ശാന്തം’ എന്ന ഒരു മാസികയില്‍ ഈ കഥയെക്കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്.”
(അടുത്തത്: കാഫ്കയെ വായിച്ചവര്‍ ആനന്ദിനെ വായിക്കുമോ?)
















