തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പോലീസിലെ സ്ഥലം മാറ്റം വിവാദത്തില്‍. സിപിഎമ്മിന്റെ ഇഷ്ടക്കാരനായ ഡിവൈഎസ്പിയെ തിരികെ എത്തിക്കാന്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ ആദ്യസ്ഥലംമാറ്റം റദ്ദാക്കി. തിരുവനന്തപുരം ജില്ലാ സ്‌പെഷല്‍ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടും സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററുമായ സന്തോഷ് കുമാറിനെയാണ് ആദ്യസ്ഥലംമാറ്റം റദ്ദാക്കി തിരികെ എത്തിച്ചത്.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഒരു ജില്ലയിലെ താമസക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ മറ്റ് ജില്ലയിലേക്കാണ് സ്ഥലംമാറ്റേണ്ടത്. ഇതനുസരിച്ച് തിരുവനന്തപുരം കരിക്കകം സ്വദേശിയായ സന്തോഷ് കുമാറിനെ ജനുവരി 23 ന് കൊല്ലം ശാസ്താംകോട്ട സബ്ഡിവിഷനിലേക്ക് മാറ്റി. എന്നാല്‍ സിപിഎമ്മിന്റെ വിശ്വസ്തനായ സന്തോഷ് കുമാര്‍, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സെപ്ഷല്‍ ബ്രാഞ്ചില്‍ ഇല്ലാതെ വരുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെ സിപിഎം ഇടപെട്ട് സ്ഥലം മാറ്റം റദ്ദാക്കുകയായിരുന്നു. ഫെബ്രുവരി ആറിന് ഇറങ്ങിയ രണ്ടാം ഘട്ട ഉത്തരവില്‍ ശാസ്താംകോട്ടയില്‍ നിന്നും തിരുവനന്തപുരം ജില്ലാ സ്‌പെഷല്‍ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടാക്കി തന്നെ തിരികെ നിയമിച്ചു.
2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥലമാറ്റത്തിലാണ് സന്തോഷ് കുമാറിനെ തിരുവനന്തപുരം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്ക് എത്തിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ജില്ലയിലേക്ക് തന്നെ സ്ഥലം മാറ്റിയത് തന്നെ ചട്ടവിരുദ്ധമായിരുന്നു. തുടര്‍ന്നിങ്ങോട്ട് ജില്ലാ സെപഷല്‍ ബ്രാഞ്ചിന്റെ തലപ്പത്തിരുന്ന് സിപിഎമ്മിനും എസ്എഫ്‌ഐക്കും വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനുള്ള പ്രതിഫലമാണ് സ്ഥലം മാറ്റം റദ്ദാക്കലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ്ഖാനെ തലസ്ഥാനത്ത് പലപ്പോഴായി തടയുവാനും വാഹനത്തിനുനേരെ പാഞ്ഞടുക്കുവാനും ഒക്കെ എസ്എഫ്‌ഐ അക്രമികള്‍ക്ക് അവസരം ഒരുക്കി നല്‍കിയത് സ്‌പെഷല്‍ ബ്രാഞ്ചിന്റെ വീഴ്ചയാണെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്.
സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ ഗേറ്റ് തുറന്നുകൊടുത്ത് പ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിട്ടതടക്കം നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കേരള സര്‍വലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനും വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിനുമെതിരെയുള്ള സമരത്തിന്റെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ജില്ലാ സെക്രട്ടറി നന്ദനെ പോലീസ് വാഹനത്തില്‍ നിന്നും സന്തോഷ് കുമാര്‍ ഇറക്കിവിട്ടതും ഏറെ വിവാദമായിരുന്നു.
ജനുവരി 26ലെ ഉത്തരവനുസരിച്ച് പത്തനംതിട്ട ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ ചാര്‍ജ് എടുക്കാന്‍ എത്തിയെങ്കിലും രണ്ടാമത്തെ ഉത്തരവ് ഇറങ്ങിയതോടെ തിരുവനന്തപുരം നോര്‍ത്ത് ട്രാഫിക്കിലേക്കാക്കി. പേരൂര്‍ക്കട വ്യാജ മാലമോഷണക്കേസ് അടക്കം നിരവധി കേസുകള്‍ അന്വേഷിച്ച് തെളിയിച്ച മികച്ച ഉദ്യോഗസ്ഥനെയാണ് സിപിഎം അനുഭാവിക്കുവേണ്ടി ട്രാഫിക്കിലേക്ക് ഒതുക്കിയത്. സന്തോഷ്‌കുമാറിനെ ചട്ടവിരുദ്ധമായി തിരികെ എത്തിച്ചതിനെതിരെ സേനയ്‌ക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുകയാണ്.
















