ന്യൂദല്‍ഹി: യുഎസുമായുള്ള വ്യാപാരത്തീരുവ ട്രംപ് വെറും 18 ശതമാനമായി വെട്ടിക്കുറച്ചതോടെ ഇന്ത്യ വന്‍കുതിപ്പിലേക്ക് നീങ്ങുമെന്നതില്‍ അസൂയ പൂണ്ട കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് വനിതാ എംപിമാര്‍ പാര്‍ലമെന്റില്‍ മോദിയുടെ കസേരയ്ക്ക് മുന്നിലേക്ക് കുതിച്ചെത്തി. ഇത് മോദിയെ ആക്രമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബിജെപി എംപിമാര്‍ ആരോപിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ യുഎസുമായി വെറും 18 ശതമാനം എന്ന വ്യാപാരത്തീരുവ കൂടി നേടിയതോടെ കോണ്‍ഗ്രസിന് മോദിയുടെ തീരാത്ത പകയായിരിക്കുകയാണ്. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിനായി മോദി എഴുന്നേറ്റ സമയത്താണ് കോണ്‍ഗ്രസ് എംപിമാരായ വര്‍ഷ ഗെയ്ക് വാദ്, ജ്യോതിമണി എന്നിവര്‍ പ്രധാനമന്ത്രിയുടെ കസേരയുടെ മുന്നിലേക്ക് കുതിച്ചെത്തിയത്.
ഒരു ബാനറും ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ മുദ്രാവാക്യവുമായി എത്തിയത്. മുന്‍കരസേനാമേധാവി എം.എം.നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മ്മക്കുറിപ്പിലെ വരികള്‍ ഉദ്ധരിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ വനിതാ എംപിമാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ പ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ സഭയില്‍ ബഹളം കൂട്ടിയ ഹൈബി ഈഡന് ഉള്‍പ്പെടെയുള്ള എട്ട് എംപിമാരെ സസ്പെന്റ് ചെയ്തതിനെതിരെയും ഈ വനിതാ എംപിമാര്‍ പ്രതിഷേധിച്ചു.
തുടര്‍ന്ന് സ്പീക്കറുടെ ചുമതലയുണ്ടായിരുന്നു സന്ധ്യാറായി സഭാ നടപടികള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു. പിന്നീട് നിരവധി എംപിമാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വനിതാ എംപിമാര്‍ സമരം അവസാനിപ്പിച്ചത്. “വനിതാ എംപിമാര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വളരെ ഭയാനകമായ കാര്യമാണ് പാര്‍ലമെന്റില്‍ നടന്നത്. കോണ്‍ഗ്രസിന്റെ നിസ്സഹായതയാണ് പാര്‍ലമെന്റില്‍ കണ്ടതെന്നും വളരെ ആസൂത്രിതമായാണ് വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ കസേരയ്ക്ക് അടുത്ത് എത്തിയതെന്നും മന്ത്രി കിരണ്‍ റിജിജു ഉചിതമായ ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതി വഷളാകുമായിരുന്നു”- ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.
















