ന്യൂദൽഹി: ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും സംഘവും രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു. പതിവ് ആചാരപ്രകാരം, രാഷ്‌ട്രപതി ധനമന്ത്രിക്ക് ‘ദഹി-ചീനി’ (തൈരും പഞ്ചസാരയും) നൽകി അനുഗ്രഹിച്ചു. ഇന്ത്യൻ സംസ്കാരത്തെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്ന ആചാരങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ് ദഹി ചീനി.
എല്ലാ വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഇരമൊരു പാരമ്പര്യം പിന്തുടരുന്നു. ഇന്ത്യൻ പാരമ്പര്യത്തിൽ, തൈരും പഞ്ചസാരയും സമൃദ്ധി, ഭാഗ്യം, ഒരു പ്രധാന ജോലിയുടെ വിജയകരമായ പൂർത്തീകരണം എന്നിവയെ പ്രതീകപ്പെടുത്തുന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗർവാൾ, ധനകാര്യ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ധനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സീതാരാമൻ, മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ റെക്കോർഡിന് ഒപ്പമെത്തും. അതേസമയം പ്രണബ് മുഖർജിയുടെ റെക്കോർഡിനെ മറികടക്കുകയും ചെയ്യും. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്.
1959 നും 1964 നും ഇടയിൽ ധനമന്ത്രിയായിരുന്ന ആറ് ബജറ്റുകളും 1967 നും 1969 നും ഇടയിൽ നാല് ബജറ്റുകളും ഉൾപ്പെടെ ആകെ പത്ത് ബജറ്റുകൾ മൊറാർജി ദേശായി അവതരിപ്പിച്ചു. രണ്ടാം സ്ഥാനത്ത് ഒമ്പത് ബജറ്റുകൾ അവതരിപ്പിച്ച മുൻ ധനമന്ത്രി പി ചിദംബരമാണ്.
















