തിരുവനന്തപുരം:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമോ എന്നതില്‍ തീരുമാനം തിങ്കളാഴ്ച. നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി 2 നു ചേരും . ഡി കെ മുരളി നല്‍കിയ പരാതിയും കമ്മിറ്റി പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
മൂന്നാം ബലാത്സംഗ പരാതിയില്‍ ജാമ്യം കിട്ടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ ആണുളളത്. പാലക്കാട്ടേക്ക് ഉടന്‍ പോകില്ല. ബജറ്റ് ദിവസമായ ഇന്ന് നിയമസഭയില്‍ പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ശനിയാഴ്ച രാവിലെ പത്ത് മണിക്കും 12 മണിക്കും ഇടയില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. കഴിഞ്ഞ രാത്രി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
മൂന്നാം ബലാത്സംഗ പരാതിയില്‍ അഞ്ച് ഉപാധികള്‍ വച്ചാണ് പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ല എന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നല്‍കാന്‍ ഒരു വര്‍ഷവും ഒമ്പത് മാസവും വൈകിയെന്ന വാദവും കോടതി കണക്കിലെടുത്തു.
ജാമ്യം കിട്ടിയാല്‍ രാഹുല്‍ ഭീഷണിപ്പെടുത്തുമെന്ന പ്രോസിക്യൂഷന്‍ വാദം, പരാതിക്കാരി വിദേശത്തായതിനാല്‍ കോടതിയില്‍ നിലനിന്നില്ല. എസ് ഐ ടി കസ്റ്റഡിയില്‍ വേണ്ടതില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്ന് കോടതി പറഞ്ഞു. കേസില്‍ നേരിട്ടുള്ള മറ്റു സാക്ഷികള്‍ ഇല്ല. വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ ആക്ഷേപത്തില്‍ കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചു.
നിലവിലെ വിവാഹബന്ധം വേര്‍പ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിന് കഴിയും.പരാതിക്കാരിയോ അവരുടെ ഭര്‍ത്താവോ വിവാഹ ബന്ധം വേര്‍പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല എന്നും കോടതി പറഞ്ഞു.പീഡനം നടന്ന സമയത്തിന് ശേഷവും രാഹുല്‍ മാങ്കൂട്ടത്തിലുമായി പരാതിക്കാരി സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി പറഞ്ഞു.
















