തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ നേടിയ ഗംഭീര വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരം സന്ദര്‍ശിച്ചത് കേരളത്തിലെമ്പാടും ആവേശകരമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ അടിസ്ഥാനരഹിതവും വിലകുറഞ്ഞതുമായ രീതിയില്‍ വിമര്‍ശിച്ച് ബിജെപിയുടെ എതിരാളികള്‍ രംഗത്ത് വന്നിട്ടുള്ളത് സന്ദര്‍ശനത്തിന്റെ വിജയമാണ് കാണിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്കുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ വലിയൊരു ജനകീയ മുന്നേറ്റം തന്നെയാണ് കണ്ടത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി സഖ്യം അധികാരത്തിലേറിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് യാഥാര്‍ത്ഥ്യമായത്.
മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കുകയുണ്ടായി. അഴിമതി നടത്താന്‍ പരസ്പര ധാരണയോടെ മാറിമാറി അധികാരത്തില്‍ വരുന്ന എല്‍ഡിഎഫിനും യുഡിഎഫിനും
കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും, അവര്‍ക്ക് അതിന്
താല്പര്യമില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും, അതിനൊരു രാഷ്‌ട്രീയ മാറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞതില്‍ മാറ്റത്തിനു
വേണ്ടിയുള്ള ജനമനസ്സിന്റെ പ്രതിഫലനമുണ്ട്. വികസനവും ജനക്ഷേമവും മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂര്‍ണ്ണ ഗുണഭോക്താക്കളായി കേരളത്തിലെ ജനങ്ങള്‍ മാറണമെന്നുണ്ടെങ്കില്‍ ബിജെപി-എന്‍ഡിഎ നേതൃത്വം നല്‍കുന്ന ഭരണം കേരളത്തില്‍ വരേണ്ടതുണ്ട്.
പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അയ്യപ്പ വിഗ്രഹം സമ്മാനിച്ച് പ്രധാനമന്ത്രി മോദിയെ വരവേറ്റത് പ്രതീകാത്മകമാണ്. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ ഭരണകാലത്ത് ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇടതുമുന്നണി സര്‍ക്കാരും പ്രതിപക്ഷമായ യുഡിഎഫും നടത്തുന്നത്. കേരളം ഭരിക്കാന്‍ ബിജെപിക്ക് അവസരം നല്‍കിയാല്‍ ശബരിമലയില്‍ സ്വര്‍ണ്ണക്കവര്‍ച്ച നടത്തിയവരെ ജയിലില്‍ അടയ്‌ക്കുമെന്നും, ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചത് വലിയ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇടതുമുന്നണി ഭരണത്തിന് പകരം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കാര്‍ രക്ഷപ്പെടുമെന്ന് ഉറപ്പാണ്.
മാറാത്തത് ഇനി മാറുമെന്ന മുദ്രാവാക്യവുമായാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജയ പരാജയങ്ങള്‍ക്കപ്പുറം ബിജെപിക്ക് അനുകൂലമായ മാറ്റം പ്രകടമായിരുന്നു. ബിജെപിക്ക് ഇതിനുമുന്‍പ് സ്ഥാനാര്‍ഥി പോലും ഇല്ലാതിരുന്ന പലയിടങ്ങളിലും ഇക്കുറി ബിജെപി ജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന പല നേതാക്കളും ബിജെപിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. സാബു ജേക്കബ് നേതൃത്വം നല്‍കുന്ന ട്വന്റി-20 എന്‍ഡിഎയുടെ ഘടകകക്ഷിയായത് കുന്നത്തുനാട് ഉള്‍പ്പെടെ പല മണ്ഡലങ്ങളിലെയും ജനവിധിയെ സ്വാധീനിക്കും.
അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ജയിക്കാന്‍ കഴിഞ്ഞതോടെയാണ് ഗുജറാത്തില്‍ ബിജെപിയുടെ ജൈത്രയാത്ര തുടങ്ങിയതെന്ന് പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത് കേരളത്തിലെ പുതിയൊരു രാഷ്‌ട്രീയ മുന്നേറ്റത്തിന്റെ തുടക്കമാണ്. ഇടത്-വലത് മുന്നണികളുടെ ഭരണം ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. ഇതിനൊരു മാറ്റം വരുത്താനും, കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കേരളത്തിന്റെ വികസനത്തെ മുന്നോട്ടു നയിക്കാനും കഴിയുമെന്നത് ബിജെപിയുടെ പ്രതീക്ഷ മാത്രമല്ല, ജനങ്ങളുടെ ആഗ്രഹം കൂടിയാണ്.
















