കാസർകോട്: കാസർകോട് പെരുമ്പളയിൽ മസ്ജിദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്. അനധികൃത നിർമാണം ആരോപിച്ചാണ് നടപടി. പെരുമ്പള ജുമാമസ്ജിദ് കമ്മിറ്റിയുടെ കടമുറികൾ ഉൾക്കൊള്ളുന്ന കെട്ടിടം പൊളിച്ച് മാറ്റാനാണ് പിഡബ്ല്യുഡി വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
പെരുമ്പള പാലത്തിന് സമീപം 2022 ലാണ് ജുമാ മസ്ജിദ് കമ്മറ്റിയുടെ കടമുറി ഉൾകൊള്ളുന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത്. കെട്ടിടം കെട്ടിട നിർമ്മാണത്തിന്റെ തുടക്കത്തിൽ അന്നത്തെ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ പരാതിയെ തുടർന്ന് വിഷയം കോടതിയിൽ എത്തിയിരുന്നു. മുഴുവൻ രേഖകളും പരിശോധിച്ച കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
മൂന്ന് വർഷത്തിന് ശേഷം പെരുമ്പള റോഡിന് വേണ്ടി പിഡബ്ല്യുഡി ഏറ്റെടുത്ത ഭൂമിയിലാണ് ഈ കെട്ടിടം എന്നാരോപിച്ച് പരാതിക്കാർ രംഗത്ത് എത്തുന്നത്. ഇതിന് പിന്നാലെയാണ് പിഡബ്ല്യുഡി വകുപ്പ് റോഡിനായി ഏറ്റെടുത്ത ഭൂമിയിലാണ് കെട്ടിടം എന്നാരോപിച്ച് നടപടി സ്വീകരിക്കാൻ രംഗത്തെത്തിയത്.
എന്നാൽ കെട്ടിടം പൊളിച്ച് മാറ്റും എന്ന് അറിയിച്ച് നോട്ടീസ് പതിച്ചെങ്കിലും കെട്ടിടം പൊളിച്ച് മാറ്റാനായി എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. സിപിഐ കുത്തകയായിരുന്ന ഈ വാർഡിൽ പരാജയപ്പെട്ടതിന്റെ പ്രതികാര നടപടിയാണിതെന്നും നാട്ടുകാർ ആരോപിക്കുന്നു.
















