അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. കരിയറിൽ വലിയ ഉയരങ്ങളിലെത്താൻ ശാന്തിവിള ദിനേശിന് കഴിഞ്ഞിട്ടില്ല. 51 കാരനായ ഇദ്ദേഹം കരിയറിൽ ഇതുവരെ ഒരൊറ്റ സിനിമ മാത്രമാണ് സംവിധാനം ചെയ്തത്. ബംഗ്ലാവിൽ ഔത എന്നാണ് ഈ സിനിമയുടെ പേര്. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. പ്രഗൽഭരായ സംവിധായകരുടെ സിനിമകളിൽ സഹസംവിധായകനായി ശാന്തിവിള ദിനേശ് പ്രവർത്തിച്ചിട്ടുണ്ട്. സീരിയലുകളും സംവിധാനം ചെയ്തു
എന്നാൽ എന്തുകൊണ്ടോ സിനിമാ രംഗത്ത് വളരാൻ ശാന്തിവിള ദിനേശിനായില്ല. സംവിധാനം ചെയ്ത ഒരോയൊരു സിനിമ പരാജയപ്പെടുകയും ചെയ്തു. നടൻ ലാൽ ആണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. സാജൻ സൂര്യ, ഭാവന, കൽപ്പന തുടങ്ങിയവരും ബംഗ്ലാവിൽ ഔതയിൽ വേഷമിച്ചു. സാജൻ സൂര്യ ചെയ്ത റോളിലേക്ക് മലയാളത്തിലെ മുൻനിര നായക നടൻമാരെ ശാന്തിവിള ദിനേശ് പരിഗണിച്ചിരുന്നു. എന്നാൽ ഇവരെല്ലാം ഈ സിനിമ നിരസിച്ചു. ഒരിക്കൽ ഇതേക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ജയസൂര്യയെ ബംഗ്ലാവിൽ ഔതയിൽ നായകനാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു. 74 സീനിൽ ഡബിൾ റോൾ ചെയ്യുന്ന ലാൽ ഉള്ളപ്പോൾ എനിക്കൊന്നും ചെയ്യാനുണ്ടാകില്ലെന്ന് ജയസൂര്യ എന്നോട് പറഞ്ഞു. അനിയാ, കൃഷ്ണ എന്ന പടത്തിൽ മുഴുനീളമുള്ളത് മമ്മൂട്ടിയാണ്. പക്ഷെ നാല് സീനിലെ രതീഷ് ഉള്ളൂ. നാല് സീനിലേ രതീഷ് ഉള്ളൂ. കയ്യടി മുഴുവൻ അയാളാണ് കൊണ്ട് പോയത്. നിനക്ക് മിടുക്കുണ്ടെങ്കിൽ നീ നിൽക്കുക. കാരണം ഇതിൽ രണ്ട് ഫെെറ്റുണ്ട്, രണ്ടിലും നീയുണ്ട്. രണ്ട് പാട്ടിലും നീയുണ്ട്. 69 സീനിൽ നീയുണ്ട്. ലാൽ ഡബിൾ റോൾ ചെയ്യുമ്പോൾ നിനക്ക് സ്കോർ ചെയ്യാൻ പറ്റില്ലെങ്കിൽ അത് പറ എന്ന് ഞാൻ മറുപടി നൽകി.
നമുക്ക് അടുത്തൊരു പ്രൊജക്ട് ചെയ്യാമെന്ന് പറഞ്ഞ് ജയസൂര്യ വിട്ടു. കുഞ്ചാക്കോ ബോബനെ കണ്ടു. നടനും വിട്ടു. ഒരുപാട് പേർ സിനിമ നിരസിച്ചു. ഭാവന തന്നെ അഭിനയിച്ചത് നവ്യ നായരടക്കം വേണ്ടെന്ന് വെച്ചപ്പോഴാണ്. കാവ്യ മാധവനെ ഞാൻ കളിയാക്കാറുണ്ട്. ആദ്യമായിട്ട് ഒരു പടം സംവിധാനം ചെയ്യാൻ ഡേറ്റ് ചോദിച്ചപ്പോൾ തരാത്തവളാണ് നീ, നന്ദികെട്ടവളാണ് നീ എന്നൊക്കെ ഞാൻ പറയാറുണ്ട്. അയ്യോ, എനിക്ക് ചേട്ടനെ അറിഞ്ഞ് കൂടായിരുന്നു എന്ന് കാവ്യ പറയും. അങ്ങനെയാണ് ഭാവന അഭിനയിച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
















