ന്യൂദൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണിക്കൂറുകൾക്കകം, നിതിൻ നബീൻ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കൂടിക്കാഴ്ചയ്‌ക്കിടെ സ്വാമി അയ്യപ്പന്റെ വിഗ്രഹം അദ്ദേഹത്തിന് സമ്മാനിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്ന നിതിൻ നബീൻ ജിയ്‌ക്ക് കേരളത്തിലെ എല്ലാ ബിജെപി പ്രവർത്തകരുടെയും പേരിൽ ആശംസകൾ നേർന്നു. അദ്ദേഹത്തെ കേരളം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അഞ്ച് തവണ ബീഹാർ എംഎൽഎ ആയ നിതിൻ നബിനെ ഇന്ന് ബിജെപി പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിജെപിയുടെ 12-ാമത്തെ പ്രസിഡന്റായാണ് നബിൻ ചുമതലയേറ്റത്. ഡിസംബർ 14 ന് ബിജെപിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിതനായതിന് ശേഷം, ബിഹാർ സർക്കാരിലെ നിയമം, നീതി, നഗരവികസനം, ഭവന നിർമ്മാണം എന്നീ വകുപ്പുകളുടെ മന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.
















