ന്യൂദല്‍ഹി: യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. വളരെ ഹൃസ്വമായ സന്ദര്‍ശനം വെറും രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു. പ്രത്യേക വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി മോദി നേരിട്ടെത്തി സ്വീകരിച്ചു.ചര്‍ച്ചകള്‍ക്കു ശേഷം ഉടന്‍ തന്നെ അദ്ദേഹം മടങ്ങി.
എന്റെ സഹോദരനെ സ്വീകരിക്കാന്‍ എത്തിയെന്നാണ് സ്വീകരണ ശേഷം മോദി എക്‌സില്‍ കുറിച്ചത്. ഇരുവരും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിന്റെയും കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ഒരു സംഘര്‍ഷത്തിന്റെ വക്കില്‍ എത്തി നില്‍ക്കുകയും ചെയ്യുന്ന സമയത്താണ് നഹ്യാന്റെ മിന്നല്‍ സന്ദര്‍ശനം. യെമനെ ചൊല്ലി സൗദിയും യുഎഇയും തമ്മിലുള്ള വാക്‌പോരും മൂര്‍ച്ഛിച്ചിരിക്കുന്ന സമയമാണിത്. ഗാസയിലെ അന്തരീക്ഷം വീണ്ടും മോശമായിക്കൊണ്ടിരിക്കുകയുമാണ്. ഈ സമയങ്ങളിലെ സന്ദര്‍ശനം വളരെ സുപ്രധാനമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭാരതവും യുഎഇയും തമ്മില്‍, 2022-ല്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പിട്ടശേഷം വ്യാപാര-സാമ്പത്തിക സഹകരണത്തിലുണ്ടായ കരുത്തുറ്റ വളര്‍ച്ചയെ യുഎഇ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്തു. 2024-25 ല്‍ ഉഭയകക്ഷി വ്യാപാരം 100 ശതകോടി ഡോളറിലെത്തി. 2032-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 200 ശതകോടി ഡോളറിലെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.
ചെറുകിട-ഇടത്തരം സംരംഭങ്ങളെ തമ്മില്‍ കൂട്ടിയിണക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തില്‍, മിഡില്‍ ഈസ്റ്റ്, പശ്ചിമേഷ്യ, ആഫ്രിക്ക, യുറേഷ്യ മേഖലകളില്‍ ചെറുകിട സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ ‘ഭാരത് മാര്‍ട്ട്’, ‘വെര്‍ച്വല്‍ വാണിജ്യ ഇടനാഴി’, ‘ഭാരത്-ആഫ്രിക്ക സേതു’ തുടങ്ങിയ പ്രധാന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. ഭക്ഷ്യസുരക്ഷ, ബഹിരാകാശ മേഖലകളില്‍ ഭാരത-യു.എ.ഇ സഹകരണം വര്‍ദ്ധിപ്പിക്കും.
യുഎഇക്കും ഭാരതത്തിനും ഇടയില്‍ ‘ഡിജിറ്റല്‍ എംബസികള്‍’ സ്ഥാപിക്കും. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും അഡ്നോക് ഗ്യാസും തമ്മില്‍ 10 വര്‍ഷത്തെ എല്‍.എന്‍.ജി വിതരണ കരാര്‍ ഒപ്പിട്ടതിനെ അവര്‍ സ്വാഗതം ചെയ്തു.
ഇത് പ്രകാരം 2028 മുതല്‍ പ്രതിവര്‍ഷം 0.5 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാകും. അന്താരാഷ്‌ട്ര പണമിടപാടുകള്‍ സാധ്യമാക്കാന്‍ ഇരുരാജ്യങ്ങളിലെയും ദേശീയ പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെ എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും ഇരുനേതാക്കളും അസന്ദിഗ്ധമായി അപലപിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്കോ, ആസൂത്രണം ചെയ്യുന്നവര്‍ക്കോ, പിന്തുണക്കുന്നവര്‍ക്കോ അല്ലെങ്കില്‍ അത് നടപ്പിലാക്കുന്നവര്‍ക്കോ ഒരു രാജ്യവും സുരക്ഷിത താവളം ഒരുക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.
പത്ത് വര്‍ഷത്തിനിടെ യുഎഇ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തുന്ന അഞ്ചാമത്തെ ഭാരത സന്ദര്‍ശനമാണിത്. യുഎഇ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഭാരത സന്ദര്‍ശനം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമായിരുന്നു ഇന്നലത്തെ സന്ദര്‍ശനം.
















