തൃശ്ശൂര്‍: 64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വഞ്ചിപ്പാട്ട് വേദി പെണ്‍ സാന്നിധ്യം കൊണ്ട് സമ്പന്നമായി. 17 സംഘങ്ങളില്‍ ഒരു സംഘം മാത്രമേ ആണ്‍കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നുള്ളു. ബാക്കി 16 സംഘങ്ങളിലും പെണ്‍കുട്ടികളായിരുന്നു പ്രധാന ഗായികമാരും പിന്നണികളും. വഞ്ചിപ്പാട്ട് ശൈലിയുടെ പ്രധാന സവിശേഷതയായ ശബ്ദഗാംഭീര്യം പെണ്‍കുട്ടികളില്‍ പ്രകടമായിരുന്നു. കൂടുതലും തിരുവാറന്മുള ശൈലിയാണ് ഉപയോഗിച്ചതെങ്കിലും. അവതരണരീതികൊണ്ട് കുട്ടനാടന്‍ ശൈലി വേറിട്ടു നിന്നു. കുചേലവൃത്തം, ഭീഷ്മപര്‍വം, സന്താനഗോപാലം, പാണ്ഡവപക്ഷം എന്നിങ്ങനെയുള്ള കഥാഭാഗങ്ങളാണ് പാടിയത്.
വയനാട് ദുരന്തത്തിന് ശേഷം ചൂരല്‍മല സ്‌കൂളിലെ പെണ്‍പടയും മത്സരത്തിനെത്തിയത് ശ്രദ്ധേയമായി. കുട്ടനാടന്‍ ശൈലിയിലുള്ള വഞ്ചിപ്പാട്ട് ആണ് അവര്‍ അവതരിപ്പിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാണികള്‍ ഇത്തവണ വഞ്ചിപ്പാട്ട് വേദിയായ ചെമ്പരത്തിയില്‍ ഉണ്ടായിരുന്നു. ആറന്മുള, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നുള്ളവരാണ് സംഘങ്ങളുടെ ഗുരുനാഥന്മാര്‍.
















