തൃശ്ശൂര്‍: തൃശ്ശൂരില്‍ അറുപത്തി നാലാമത് കലോത്സവം കൊടിയേറി പര്യവസാനത്തിലേക്കടുക്കുകയാണ്. കാഴ്ചകള്‍, വിശേഷങ്ങള്‍ എന്നിവ ഏറെയുണ്ട്. വിസ്മയപ്രകടനങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഏവര്‍ക്കും അത്ഭുതവും ആഹ്ലാദവും സമ്മാനിച്ചുകൊണ്ടിരിക്കുന്നു.
25 മത്സരവേദികളിലേയും കാര്യപരിപാടി നിയന്ത്രണം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ആ കേന്ദ്ര അങ്കണത്തില്‍ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തില്‍ വലിയ ഒരു കലോത്സവ ചരിത്രമരം ഉണ്ടാക്കി കാഴ്ചയ്‌ക്കായി ഒരുക്കിയത് കാണാം. വിവരങ്ങള്‍ പലതും പങ്ക് വെയ്‌ക്കുന്ന ആ മരത്തില്‍ മുകളില്‍ കലോത്സവ സ്രഷ്ടാക്കള്‍ എന്ന് എഴുതി മൂന്ന് മകുടങ്ങളുടെ രൂപങ്ങള്‍ ഉണ്ട്. ഒന്നില്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസ്, രണ്ടാമത്തേതില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി, മൂന്നാമത്തെ മകുടത്തില്‍ കലോത്സവ സ്രഷ്ടാവ് എന്ന് മാത്രം രേഖപ്പെടുത്തിയ കാഴ്ച കഷ്ടം തന്നെ എന്ന് പറയാതെ വയ്യ.
താഴെ ഡോ. സി.എസ്. വെങ്കിടേശ്വരന്‍ എന്ന് എഴുതിയവര്‍ക്ക് അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം ഉള്‍പ്പെടുത്താമായിരുന്നു. അരൂപിയല്ലല്ലോ, കലോത്സവ സ്രഷ്ടാവായ ആ വലിയ മനുഷ്യന്‍. ഔചിത്യം, ആദരം എന്നിവ മലയാളികള്‍, പ്രത്യേകിച്ച് ഉത്തരവാദിത്വമുള്ളവര്‍ എന്തെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. ഒരു എംഎല്‍എ ഈ അരൂപിയായ കലോത്സവ സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്നതിന്റെ സംഘാടനത്തില്‍ മുമ്പില്‍ ഉള്ളതിനാലാവാം അദ്ദേഹത്തിന്റെ ചിത്രം ഉണ്ട്. മണ്‍മറഞ്ഞ വലിയൊരു മനുഷ്യന്റെ ചിത്രം അവര്‍ക്ക് കിട്ടാന്‍ യാതൊരു പരിശ്രമവും നടത്തിയിട്ടില്ല എന്ന് നിസ്സംശയം പറയാം. അത് എങ്ങനെ ആയാലും ഈ സി.എസ്. വെങ്കിടേശ്വരന്‍ എന്ന് പേരുള്ള ആദ്യ വിദ്യാഭ്യാസ ഡയറക്ടറെ നാം വിസ്മരിച്ചു കൂടാ.
















