മലയാള സിനിമയിൽ വലിയ ചർച്ചയ്‌ക്ക് വഴിവെച്ച സംഭവമായിരുന്നു നടൻ പൃഥ്വിരാജിന്റെ വിലക്ക്. ഫെഫ്കയും ‘അമ്മ’യും ചേര്‍ന്ന് സംവിധായകൻ വിനയനെ വിലക്കിയിരുന്നു. അദ്ദേഹത്തിന്റെ പടങ്ങളില്‍ അഭിനേതാക്കള്‍ സഹകരിക്കേണ്ടതില്ലെന്നായിരുന്നു സംഘടനയുടെ തിട്ടൂരം. അന്ന് പൃഥ്വി ഈ നീക്കത്തിനൊപ്പം നിന്നില്ല. വിനയന്റെ സത്യം എന്ന സിനിമയില്‍ അഭിനയിക്കാനുളള ഓഫര്‍ വന്നപ്പോള്‍ സംഘടനയുടെ അഭിപ്രായം മറികടന്ന് പൃഥ്വി അതില്‍ സഹകരിക്കുകയും ചെയ്തു. അതോടെ ‘അമ്മ’ അദ്ദേഹത്തിനും വിലക്ക് ഏര്‍പ്പെടുത്തി. ഈ സംഭവത്തിൽ ദിലീപ് ഉൾപ്പെടെയുള്ളവർ നടനെതിരെ പരസ്യമായി മുദ്രാവ്യം വിളിച്ചിരുന്നു എന്ന് പറയുകയാണ് നടന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ഗാലറി വിഷൻ മീഡിയ എന്ന യുട്യൂബ് ചാനലിനോടാണ് പ്രതികരണം. വായിക്കാം
അമ്മ എന്ന് പറയുന്ന സംഘടന ഉണ്ടാക്കിയ സമയത്തെ ഉദ്ദേശങ്ങളൊക്കെ വളരെ നല്ലതായിരുന്നു. പിന്നെ പിന്നെ വന്നപ്പോൾ സംഘടനയിൽ ഗ്രൂപ്പിസമായി. പൃഥ്വിരാജിനെ വിലക്ക് വന്നതും അതിന് ശേഷം പൃഥ്വിയെ അഭിനയിപ്പിക്കേണ്ടെന്ന് ദിലീപ് പറഞ്ഞതായും ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇന്നുവരെ ഞാൻ അതൊന്നും ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമോയെന്ന ഭയം ദിലീപിന് ഉണ്ടായിരുന്നുവെന്നൊക്കെയാണ് ആരോപണങ്ങൾ വന്നത്. ഞാൻ ആ സമയത്ത് ദിലീപിന്റെ അമ്മയായി രാജസേനൻ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ദിലീപ് എന്നോട് ആ സമയത്ത് ഒരു പിണക്കവും കാണിച്ചിട്ടില്ല.
ഈ സംഭവങ്ങളൊക്കെ കഴിഞ്ഞിട്ടിട്ടാണ് അതിജീവിതയുടെ കേസൊക്കെ വരുന്നത്. അതിന് മുൻപേ തന്നെ ഓരോന്ന് പറഞ്ഞ് സ്ഥാപിച്ച് വെച്ചിട്ടുണ്ട് ചിലർ. പൃഥ്വിരാജിന്റെ വിലക്ക് തീർക്കാൻ ഇടപെട്ടതിൽ എനിക്ക് മമ്മൂട്ടിയോട് മാത്രമേ കടപ്പാടുള്ളൂ. അതങ്ങ് തീരട്ടെ ചേച്ചി , വെച്ച് നീട്ടിക്കൊണ്ടുപോകരുത് എന്ന് അദ്ദേഹം പറഞ്ഞു. ഇവരിത് ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനുള്ള പ്ലാനാണെന്ന തരത്തിൽ അദ്ദേഹം പറഞ്ഞു. അതുപക്ഷെ ആരേയും കുറ്റപ്പെടുത്തി പറഞ്ഞതല്ല. രണ്ടാമത് അവൻ തിരിച്ചുവരുന്നതിന് മുൻപ് ചിലരൊക്കെ മുദ്രാവാക്യം വിളിച്ചുപോയി. അത് ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം.
അന്ന് സിദ്ധിഖ് എതിരായിരുന്നു, ഗണേഷ്, ദിലീപ് എല്ലാവരും ഉണ്ടായിരുന്നു. പൃഥ്വിരാജ് ഖേദം എന്ന് പറഞ്ഞാൽ പോര മാപ്പ് പറയണമെന്നതായിരുന്നു ഇവരുടെ ആവശ്യം. പ്രത്യക്ഷമായി എഴുന്നേറ്റ് നിന്ന് പറഞ്ഞവരിൽ ദിലീപും ഉണ്ട്. അവർ അത് പറഞ്ഞതിനോടൊന്നും എനിക്ക് വിരോധമില്ല, അത് അവരുടെ സാഹചര്യമാണെന്ന് ഞാൻ കണക്കാക്കും. കാരണം രാജുവിന് അന്ന് 21 വയസേ ഉള്ളൂ. അവൻ കയറി വരുമെന്ന് എനിക്ക് അറിയാം.
സുകുവേട്ടനും വിലക്ക് ഉണ്ടായിരുന്നു. രണ്ട് മൂന്ന് പടത്തിൽ നിന്നും മമ്മൂട്ടിക്ക് അടക്കം മാറി നിൽക്കേണ്ടി വന്നു. അഭിനയിക്കാനായി പോകാൻ നിൽക്കുമ്പോൾ വിളിച്ച് പറയുകയായിരുന്നു. ഡേറ്റ് മാറി എന്നാണ് പറഞ്ഞത്. എന്നാൽ പടം നടന്നു, അദ്ദേഹത്തെ ഒഴിവാക്കിയതായിരുന്നു. രാജുവിനെ മാറ്റി നിർത്തിയപ്പോൾ തോന്നിയത് ഇനി സുകുവേട്ടനോടുള്ള ദേഷ്യമായിരിക്കുമോയെന്നാണ്. കാരണം അന്ന് രാജു മൂന്നാല് പടത്തിൽ മാത്രമേ അഭിനയിച്ചിട്ടുണ്ടായിരുന്നുള്ളൂ.
സുകുവേട്ടന് വിലക്ക് വന്ന വിഷയുമായി ബന്ധപ്പെട്ട് അദ്ദേഹം അന്ന് അമ്മയിൽ നിന്ന് നീളൻ പ്രസംഗവുമൊക്കെ നടത്തി ഇറങ്ങി പോന്നു. ബൈലോയൊക്കെ കറക്ട് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം പറഞ്ഞ പോയിൻ്റുകളൊക്കെ വെച്ച് ഇവര് ബൈലോ തിരുത്തി’, താരം വ്യക്തമാക്കി.
















