രാവണോത്ഭവത്തിലെ രാവണനെ പകര്‍ന്നാടി മകള്‍ സാരംഗി വേദിയില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയ്‌ക്കും ഇത് അഭിമാനത്തിന്റെ നേട്ടം.ഇടവനക്കാട്ഹിദായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സാരംഗി എസ്. ശേഖര്‍. മൂന്ന് വയസ്സ് മുതല്‍ നൃത്തം പഠിക്കുന്ന സാരംഗി ഒമ്പതാം വയസ്സിലാണ് കഥകളിയില്‍ അരങ്ങേറ്റം നടത്തുന്നത്. കഥകളിയില്‍ മാത്രം ഒതുങ്ങുന്നതല്ല സാരംഗിയിലെ കലാമികവ്. രാവണ വേഷം അഴിച്ചുവെച്ച് സാരംഗി നേരെ പോയത് നങ്ങ്യാര്‍കൂത്ത് വേദിയിലേക്കാണ്.
തുള്ളല്‍ മത്സരത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു ഈ മിടുക്കി. പതിനഞ്ചോളം കുരുന്നുകള്‍ക്ക് ചുവടുകള്‍ പകര്‍ന്നു നല്‍കുന്ന നൃത്തധ്യാപിക കൂടിയാണ് സാരംഗി.
കഥകളിയില്‍ കലാമണ്ഡലം അരവിന്ദും, നങ്ങ്യാര്‍കൂത്തില്‍കലാമണ്ഡലം രശ്മിയും ഓട്ടന്‍ തുള്ളലില്‍ കവിത ഗീതാനന്ദനുമാണ് ഗുരുക്കന്മാര്‍.
പഴമയുടെ ഗരിമ വിടാതെ തിരുവാതിരകളി
തിരുവാതിരക്കളിയില്‍ പുതുമയില്ലല്ലോ എന്ന ചോദ്യത്തിന് പുതുമ പാടില്ലായെന്നാണ് ഉത്തരം. മിതത്വവും ആഢ്യത്വവും പുലര്‍ത്തി പഴമയുടെ ഗരിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരുക്കത്തിലും ചുവടിലും മങ്കമാര്‍ കുമ്മിയടിച്ചു കളിച്ചു. സംസ്ഥാന കലോത്സവ വേദിയിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് തനിമ നഷ്ടപ്പെടാതെ ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര അരങ്ങേറിയത്. ഗണപതിയേയും സരസ്വതിയേയും വന്ദിച്ച് ഓരോ സംഘങ്ങളും മത്സരിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ കാണികള്‍ അകമഴിഞ്ഞ പ്രോത്സാഹനമാണ് നല്‍കിയത്.
ചില സംഘങ്ങള്‍ മധ്യമാവതിയില്‍ മംഗളം പാടിയാണ് അവസാനിപ്പിച്ചത് .
സെറ്റ് മുണ്ടുടുത്ത് , മുടി വട്ടക്കെട്ട് കെട്ടി ,ദശപുഷ്പം ചൂടി പേരിനൊരു മുല്ലമാലയും അണിഞ്ഞ് അഞ്ച് തിരിയിട്ട് നിലവിളക്കിന് ചുറ്റും 22 സംഘങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ യക്ഷഗാനം
കലോത്സവ വേദിയിലെ ഏറ്റവും ചെലവേറിയ കലാരൂപങ്ങളിലൊന്നായ യക്ഷഗാനത്തിന്റെ ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ പങ്കെടുത്തത് പതിനാറ് ടീമുകള്‍. ടീമുകളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടത്തി. കഥകളിയോട് സാമ്യമുള്ള യക്ഷഗാനം ദക്ഷിണ കര്‍ണാടകയിലെ ക്ഷേത്രകലാരൂപമാണ്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ എന്നും ആധിപത്യം പുലര്‍ത്താറുള്ള യക്ഷഗാന മത്സരത്തിന് ഇപ്പോള്‍ എല്ലാ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികളെത്തുന്നുണ്ട്. കന്നഡയിലോ തുളുവിലോ ഉള്ള സംഭാഷണങ്ങളും പാട്ടുകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു ഉപയോഗിച്ചുവരുന്നു.
















