മകൻ പൃഥ്വിരാജ് അമ്മ സംഘടനയിൽ നിന്നും പ്രശ്നം നേരിട്ടതിനെക്കുറിച്ച് സംസാരിക്കവെ ചില വെളിപ്പെടുത്തലുകൾ നടത്തി നടി മല്ലിക സുകുമാരൻ. പൃഥ്വിരാജിനെതിരെയും സുകുമാരനെതിരെയും ഒരു നടി മോശമായി അമ്മ യോഗത്തിൽ സംസാരിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ ഓർത്തു. ഗാലറി വിഷൻ മീഡിയയിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
അമൃതം ഉൾപ്പെടെ രണ്ട് മൂന്ന് സിനിമകളിൽ നിന്ന് രാജുവിനെ മാറ്റി. രാജുവിനന്ന് 21 വയസേയുള്ളൂ. അവൻ കയറി വരുമെന്ന് എനിക്കറിയാം. ഇവരുടെ കയ്യിലാണാേ അവന്റെ ജീവിതമിരിക്കുന്നത്. പക്ഷെ ഞാനോർത്തത് ഇത് പോലെ സുകുവേട്ടനോട് കാണിച്ചിട്ടുണ്ട് എന്നാണ്. സുകുവേട്ടൻ അഭിനയിക്കുന്ന പടത്തിൽ അഭിനയിക്കാതിരുന്നു. എന്റെ മക്കൾക്ക് പോലും അത്ര സ്പഷ്ടമായി ഇക്കാര്യം അറിയില്ല. രണ്ട് മൂന്ന് സിനിമകളിൽ നിന്ന് സുകുവേട്ടനെ മാറ്റി. പാവം മമ്മൂട്ടിക്ക് വരെ മാറി നിൽക്കേണ്ടി വന്നു. കെ മധുവിന്റെ ഒരു പടം.
ഷൂട്ടിന് പോകാനിറങ്ങിയതാണ്. അഞ്ചര മണിക്ക് ഫോൺ വന്നു. തിരിക്കേണ്ട, ഡേറ്റ് മാറി എന്ന് പറഞ്ഞു. പക്ഷെ ഡേറ്റ് മാറിയതല്ല. പടം നടന്നു. സുകുവേട്ടനില്ല. അങ്ങനെ ഒന്ന് രണ്ട് അനുഭവം ഉണ്ടായി. പൃഥ്വിരാജിനെതിരെ നീക്കങ്ങൾ നടന്നപ്പോൾ ഇത് അവന്റെ അച്ഛനോടുളള ദേഷ്യമാണോ എന്ന് ഞാൻ ചിന്തിച്ചു. അതിനിടയ്‌ക്ക് ഒരു നടിയും ഒരു നടനും പറഞ്ഞു. അച്ഛന് വലിയ അഹങ്കാരമായിരുന്നെന്ന് കേട്ടിട്ടുണ്ട്, ആ അഹങ്കാരം മോന് വേണ്ട എന്നാണ് അവർ പറഞ്ഞത്.
ആ പറഞ്ഞ നടി ഈയടുത്ത കാലത്ത് ബിജെപിയിലൊക്കെ ചേർന്നെന്ന് കേൾക്കുന്നു. എനിക്കറിയില്ല. അവരാരും എന്റെ സുകുവേട്ടനെ പറയേണ്ട. സുകുവേട്ടനെ വല്ലതും പറഞ്ഞാൽ ഞാൻ പ്രതികരിക്കും. ഇനിയുമങ്ങനെയാണ്. ഞാൻ ചാകുന്നത് വരെ പറയും. അവർ ആ പറഞ്ഞ വാചകം എനിക്കൊട്ടും ഇഷ്‌ടപ്പെട്ടില്ല. ഈയടുത്ത കാലത്ത് എന്റെ മക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മയ്‌ക്ക് മറക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. ഇങ്ങനെയൊരു വാചകം ആ രണ്ട് പേർ അവിടെ പറഞ്ഞിട്ടുണ്ട്. അത് ഞാൻ ചത്താലും എന്റെ മക്കൾ മറക്കരുതെന്നാണ് ഞാൻ മക്കളോട് പറഞ്ഞത്.
അങ്ങനെ പറയാൻ അവർക്ക് എന്ത് അർഹതയാണുള്ളത്. മലയാള സിനിമയിൽ അവരെക്കുറിച്ച് ഒരുപാട് നന്മകളൊന്നും ആരും പറഞ്ഞ് കേട്ടിട്ടില്ല. ഇവരൊക്കെ എന്റെ സുകുവേട്ടനെ പറഞ്ഞാൽ താൻ സഹിക്കില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അവർക്ക് വല്ലതും പറയാനുണ്ടെങ്കിൽ രാജുവിനെ പറഞ്ഞോട്ടെ, അതിന് അവൻ മറുപടി പറഞ്ഞോളുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
അവരെത്ര വലിയ സുന്ദരിക്കോതയെന്ന് പറഞ്ഞാലും എന്റെ ഭർത്താവ് മരിച്ച ശേഷം ഇങ്ങനെ പറഞ്ഞ സ്ത്രീ എന്നതിനപ്പുറം അവരെ കാണാൻ പറ്റില്ല. അതെന്റെ വാശിയാണ്. എനിക്ക് ജീവിതം തന്നയാളാണ് സുകുവേട്ടൻ. എല്ലാവരോടും ഇക്കാര്യം താൻ പറഞ്ഞിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സുകുമാരനെക്കുറിച്ച് അങ്ങനെ പറഞ്ഞ നടി ഊർമിള ഉണ്ണിയല്ലേയെന്ന് അവതാരകൻ ചോദിച്ചപ്പോൾ അക്കാര്യം വ്യക്തമാക്കാൻ മല്ലിക സുകുമാരൻ തയ്യാറായില്ല. ഊർമിള ഉണ്ണി ഈയടുത്താണ് ബിജെപിയിൽ ചേർന്നത്.
















