തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻവർദ്ധനവ്. ഇന്ന് പവന് 800 രൂപ കൂടി 105,320 രൂപയും ഗ്രാമിന് 100 രൂപ ഉയർന്ന് 13,165 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്നത്തെ വിലനിലവാരം അനുസരിച്ച് 1,15,196 രൂപ നല്‍കിയാൽ മാത്രമേ ഒരു പവന്‍ സ്വർണാഭരണം സ്വന്തമാക്കാനാകൂ.
ഡയമണ്ട്, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 10,820ലെത്തി. 285 രൂപയാണ് ഇന്ന് ഒരുഗ്രാം വെള്ളിയുടെ വില. ഇന്നലെ ഗ്രാമിന് 292 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
കഴിഞ്ഞ ദിവസവും പവന് 280 രൂപ കൂടി 104,520 രൂപയും ഗ്രാമിന് 35 രൂപ കൂടി 13,065 രൂപയുമായിരുന്നു. ജനുവരി അഞ്ചിനുശേഷമാണ് സ്വർണവിലയിൽ തുടർച്ചയായി വർദ്ധനവ് രേഖപ്പെടുത്താൻ ആരംഭിച്ചത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.
ആഗോളവ്യാപാര അനിശ്ചിതത്വങ്ങൾ മറികടക്കാൻ നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെയാണ് സ്വർണവിലയിൽ വൻവദ്ധനവുണ്ടായത്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് നിക്ഷേപകരിൽ ആശങ്ക സൃഷ്‌ടിച്ചത്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,630 ഡോളർ വരെ ഉയർന്ന് പുതിയ റെക്കാഡിട്ടു. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോയ്‌ക്ക് ഒന്നര കോടി രൂപയ്‌ക്ക് അടുത്തെത്തി.
















