നാഗ്പുർ: മഹാരാഷ്‌ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിച്ചു. ഇതിനു മുന്നോടിയായി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുരിൽ നടത്തിയ റോഡ് ഷോ കൂറ്റൻ വിജയത്തിന്റെ കാഹളമായി. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് മുഖ്യമന്ത്രി മോട്ടോർ സൈക്കിളിൽ റോഡ് ഷോയിൽ പങ്കെടുത്തത്.
ഭാരത് മാതാ ചൗക്കിൽ നിന്ന് ആരംഭിച്ച റോഡ് ഷോ വിവിധ് ചൗക്കിലൂടെ കടന്നുപോയി മഹൽ പ്രദേശത്തെ ശിവാജി പ്രതിമയ്‌ക്ക് സമീപം അവസാനിച്ചു.
മഹായുതി സഖ്യത്തിന്റേതായിരിക്കും മുംബൈ മേയറെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ റോഡ്ഷോയ്‌ക്കായി, നാഗ്പുരിലെ ബഡ്കാസ് ചൗക്ക് ഗംഭീരമായി അലങ്കരിച്ചിരുന്നു.
റോഡ്ഷോ റൂട്ടിലുടനീളം വിപുലമായ അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ പ്രസിഡന്റ്, ബിജെപി എക്്‌സിക്യൂട്ടീവ് പ്രസിഡന്റ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ പോസ്റ്ററുകൾ പ്രധാനമായും പ്രദർശിപ്പിച്ചിരുന്നു. പ്രദേശത്തുടനീളം ബിജെപി പതാകകൾ പാറി, നിരവധി സ്ഥലങ്ങൾ ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.
ഫഡ്നാവിസ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും സംസ്ഥാനത്തെ മുനിസിപ്പൽ കോർപ്പറേഷനുകളിലുടനീളം ബിജെപി മുന്നണിയായ മഹായുതിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
”നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഇന്ന് നാഗ്പുരിൽ സംഘടിപ്പിച്ച ‘ഗ്രാൻഡ് റോഡ് ഷോ’യിൽ ഒത്തുകൂടിയ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. ബിജെപി-മഹായുതി നടത്തിയ പ്രവർത്തനങ്ങളും മാറ്റവും നാഗ്പുരിലെ ജനങ്ങൾ കണ്ടിട്ടുണ്ട്. മറുവശത്ത്, പ്രതിപക്ഷം ഒരിക്കലും ഒരു വികസനവും ചെയ്തിട്ടില്ല; അവർ വെറും ‘വെറും വാക്ക് പറയുന്നവർ’ മാത്രമാണ്. അതിനാൽ, എല്ലാ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിലും ഞങ്ങൾ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്, ”ഫഡ്നാവിസ് എക്സിൽ പോസ്റ്റ് ചെയ്തു.
ബിഎംസി ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കാണ് 15 ന് വോട്ടെടുപ്പ്.
















