തിരുവനന്തപുരം: ഇനിയും കേരള കോൺഗ്രസ് പിളരുമോ? കെ.എം. മാണിയുടെ കേരള കോൺഗ്രസിന്റെ തുടർച്ചയിൽ, മാണിയുടെതന്നെ തിയറിയായ ‘വളരുംതോറും പിളരുന്ന പാർട്ടി’ എന്ന നിർവചനം താങ്ങാൻ ആ ഗ്രൂപ്പിന് ശക്തിയുണ്ടോ? എന്നിങ്ങനെയാണ് രാഷ്‌ട്രീയ ചർച്ചകൾ നടക്കുന്നത്.
കേരളകോൺഗ്രസ് മാണി ഗ്രൂപ്പ് എൽഡിഎഫിൽനിന്ന് യുഡിഎഫിലേക്ക് മുന്നണി മാറുന്നുവെന്ന വാർത്തകൾ മുന്നണി നേതാക്കളും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവ് ജോസ്.കെ.മാണിയും നിരസിച്ചെങ്കിലും കൃത്യമായും വ്യക്തമായുമുള്ള തുറന്നുപറച്ചിൽ ഇനിയും നടക്കുന്നില്ല.
അതേസമയം ഇന്നലെ തലസ്ഥാനത്ത് കേന്ദ്ര സർക്കാരിനെതിരേ എൽഡിഎഫ് നടത്തിയ സത്യഗ്രഹത്തിൽനിന്ന് ജോസ്.കെ.മാണി വിട്ടുനിന്നത് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ജോസ് പങ്കെടുക്കാതിരിക്കുകയും പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനെ പങ്കെടുപ്പിക്കുകയും ചെയ്തത് ജോസിന്റെ വിലപേശൽ തന്ത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്. പക്ഷേ, ഇന്ന്, മന്ത്രി റോഷി അഗസ്റ്റിൻ, ഇന്നലെ ജോസ്.കെ.മാണി പങ്കെടുക്കാഞ്ഞ പരിപാടിയുടെ ചിത്രം സഹിതം ‘തുടരും…’ എന്ന കുറിപ്പോടെ സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചത് പുതിയ ദുരൂഹതകൾക്ക് വഴി തുറന്നിരിക്കുകയാണ്.
ജോസ്്.കെ.മാണിയുടെ പാർട്ടി എൽഡിഎഫിൽ തുടരുമെന്നാണോ ‘തുടരു’മെന്നതിനർത്ഥം? അതോ പിളർപ്പ് തുടരുമെന്നാണോ? അതല്ല, ഞാൻ (റോഷി അഗസ്റ്റിൻ) എന്തുസംഭവിച്ചാലും ഇവിടെ തുടരും എന്നാണോ? എന്തായാലും എൽഡിഎഫിൽ ഏറെക്കുറേ അപ്രസക്തനായ ജോസ്.കെ.മാണിക്ക് മാറുന്ന കേരള രാഷ്‌ട്രീയ സാഹചര്യത്തിൽ നിർണ്ണായകമായ തീരുമാനം എടുക്കാറായിട്ടുണ്ട്. അത് ആരും പ്രതീക്ഷിക്കായത്ത ചില നീക്ക്ങ്ങളിലൂടെ ആയേക്കാമെന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
















