തിരുവനന്തപുരം: കേന്ദ്ര അവഗണനയെന്ന് ആരോപിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് തട്ടിപ്പിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ സത്യഗ്രഹ സമരം പൊളിഞ്ഞു. കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിയും ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ്‌കുമാറും സമരത്തില്‍ പങ്കെടുത്തില്ല. എല്ലാ മന്ത്രിമാരും എല്‍ഡിഎഫിലെ എല്ലാ കക്ഷി നേതാക്കളും പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. പാര്‍ട്ടി പരിപാടികളും ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് മന്ത്രിമാര്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍പ്പെടെ കൂടുതല്‍ സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ് ആവശ്യമുന്നിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം സിപിഎം കാലുവാരി എന്ന് കോണ്‍ഗ്രസ് എമ്മില്‍ സജീവ ചര്‍ച്ചയുമാണ്. ഇതൊന്നും കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അനുവദിച്ചില്ല. ഇതോടെ മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ സജീവ ചര്‍ച്ചയാണ്. ജോസ് കെ. മാണി കേരളത്തിന് പുറത്ത് യാത്രയിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ മാസങ്ങളായി മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.
കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടന്‍ കേരളത്തിന് ലഭിച്ച കേന്ദ്ര സഹായത്തെ സംബന്ധിച്ച് കണക്കുകള്‍ നിരത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തിയതും സമരത്തെ ബാധിച്ചു. മുഖ്യമന്ത്രിയുടേത് കള്ളക്കണക്കാണെന്ന് ബോധ്യമായി.
മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രസംഗം തന്ത്രിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു. ശബരിമലയില്‍ പോറ്റിയെ കേറ്റിയത് തന്ത്രിയാണെന്നും സഖാക്കള്‍ അല്ലെന്നുമായിരുന്നു ഗണേഷ്‌കുമാര്‍ പറഞ്ഞത്. എന്നാല്‍ സഖാക്കള്‍ നടത്തിയ സ്വര്‍ണക്കൊള്ള സംബന്ധിച്ച് ഗണേഷ്‌കുമാര്‍ ഒന്നും പറഞ്ഞതുമില്ല.
















