ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ഭാരതത്തിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയുമായിരുന്നു മഹാരാഷ്‌ട്ര സ്വദേശിയായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍. ബാല്യത്തില്‍ തന്നെ പ്രകൃതി സ്‌നേഹിയായി മാറിയ വെളുത്തു മെലിഞ്ഞ ഈ മനുഷ്യന്റെ ഉല്‍കണ്ഠ ഭാവി തലമുറയുടെ നിലനില്‍പ്പിനെ സംബന്ധിച്ചായിരുന്നു. നന്മയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വം കൊടുത്ത പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ്ധപാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചത് നമ്മുടെ ഓര്‍മ്മയിലുണ്ട്. കേരളം ഗാഡ്ഗലിനെ അറിഞ്ഞു തുടങ്ങിയത് അതോടെയാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നിക്ഷിപ്ത താല്പര്യക്കാരും, ഖനനമാഫിയയുടെ പിന്തുണയോടെ ഇടതുവലതുമുന്നണികളും നടത്തിയ നുണ പ്രചരണങ്ങള്‍ അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചിരുന്നു. പരിസ്ഥിതിയെക്കുറിച്ചും, പരിസ്ഥിതി സൗഹൃദ വികസനത്തെക്കുറിച്ചും, ഭാവിതലമുറയെക്കുറിച്ചുമെല്ലാം നമ്മോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്ന ഈ മനുഷ്യന്‍ ഇനി നമ്മോടൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം വളരെ ദുഃഖത്തോടെ നാം തിരിച്ചറിയുകയാണ്. ജനുവരി 7-ാം തീയതി ഭൗതികദേഹം വെടിഞ്ഞ അദ്ദേഹത്തിന്റെ സ്ഥായിഭാവം നിഷ്‌കപടമായ മനുഷ്യസ്‌നേഹം മാത്രമായിരുന്നു.
1942 ല്‍ മഹാരാഷ്‌ട്രയിലെ പൂനയില്‍ ജനിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടി. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ മുപ്പത്തിയൊന്ന് വര്‍ഷം സേവനം അനുഷ്ഠിച്ച അദ്ദേഹം സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സ് സ്ഥാപിക്കുകയും ചെയ്തു. ഏഴ് പുസ്തകങ്ങളും 200 ലധികം ശാസ്ത്രപ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ. ഗാഡ്ഗില്‍ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് രാജ്യം പദ്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. ആദിവാസികള്‍, കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍ എന്നിവരെല്ലാമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഇദ്ദേഹം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ വേണം നടത്തേണ്ടതെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിച്ചു. 2024 ല്‍ ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (ഡചഋജ) അദ്ദേഹത്തെ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് ആയി തെരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി മേഖലയില്‍ യുഎന്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്.
പശ്ചിമഘട്ടത്തെ ഈ മനുഷ്യന്‍ ഏറെ പ്രണയിച്ചു. അതിനുള്ള കാരണങ്ങളും നിരവധിയായിരുന്നു. ഭാരതത്തിലെ 25 കോടി ജനങ്ങളുടെ ജീവിതവുമായി പശ്ചിമഘട്ടത്തിലുള്ള അഭേദ്യമായ ബന്ധത്തില്‍ നിന്നാണ് പശ്ചിമഘട്ട മലനിരകളോടുള്ള അദ്ദേഹത്തിന്റെ പ്രണയം ഉടലെടുക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് ഈ ജനങ്ങളുടെ സന്തുഷ്ടമായ ജീവിതത്തിന് അനിവാര്യമാണെന്ന സത്യം തിരിച്ചറിഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. വടക്ക് ഗുജറാത്തു മുതല്‍ തെക്ക് കന്യാകുമാരി വരെ ആറ് സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകുന്ന പശ്ചിമഘട്ട മലനിരകള്‍ സസ്യജന്തു വൈവിധ്യത്താലും പാരിസ്ഥിതിക പ്രത്യേകതകളാലും ഏറെ പ്രാധാന്യമുള്ളതാണ്. ഗോദാവരി, കൃഷ്ണ, കാവേരി, പമ്പ തുടങ്ങിയ പുഴകളെല്ലാം പശ്ചിമഘട്ടത്തില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഭാഗം പശ്ചിമഘട്ടമാണ്.
പശ്ചിമഘട്ടത്തെ ഒരു കന്യകയോടാണ് മഹാകവി കാളിദാസന്‍ ഉപമിച്ചിട്ടുള്ളത്. അഗസ്ത്യമല ശിരസ്സായും അതിന് താഴെ അണ്ണാമലയും നീലഗിരിയും ഉയര്‍ന്ന മാറിടങ്ങളായും കാനറ-ഗോവ മലകള്‍ നിതംബങ്ങളായും ഉത്തര സഹ്യാദ്രി മലകളെ കാലുകളായും കവി വര്‍ണ്ണിച്ചിട്ടുണ്ട്. കാളിദാസന്‍ ഇങ്ങനെ വര്‍ണ്ണിച്ചിട്ടുള്ള ഈ സുന്ദരിയെ ആര്‍ത്തി മുഴുത്ത ഖനന മാഫിയക്കാരും വനംകൈയ്യേറ്റക്കാരുമെല്ലാം ചേര്‍ന്ന് മാനഭംഗപ്പെടുത്തി പിച്ചിച്ചീന്തുകയാണിപ്പോള്‍.
പശ്ചിമഘട്ടം ഇന്ന് നേരിടുന്ന തകര്‍ച്ച വളരെ ഗുരുതരമാണ്. പശ്ചിമഘട്ടം നേരിടുന്ന ഈ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി അതിനെ സംരക്ഷിക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ്ധ സമിതിയെ 2010 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം 2011 ആഗസ്റ്റില്‍ വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ സമര്‍പ്പിച്ചു. നിലവിലുള്ള നിയമങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടുതന്നെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം എങ്ങനെ സാധ്യമാക്കാമെന്ന് റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് എല്ലാ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി ഗ്രാമസഭാതലം വരെ ചര്‍ച്ച നടത്തണമെന്ന സുപ്രധാനമായൊരു നിര്‍ദ്ദേശവും ഗാഡ്ഗില്‍ മുന്നോട്ടു വച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ച അന്നത്തെ കേന്ദ്ര സര്‍ക്കാര്‍, റിപ്പോര്‍ട്ട് വെളിച്ചം കാണാതിരിക്കാനും ശ്രദ്ധിച്ചു.
2012 മെയ് മാസത്തില്‍ ഡല്‍ഹി ഹൈക്കോടതി നടത്തിയ ഒരു ഇടപെടലിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. പശ്ചിമഘട്ട സംരക്ഷണത്തിനായി ഇത്രയേറെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് സശ്രദ്ധം പഠിച്ചവര്‍ക്കെല്ലാം ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വികസനം ജനപക്ഷം ആകണമെന്നും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ് ഇതെല്ലാം സംരക്ഷിച്ചുകൊണ്ടാകണം വികസനം നടക്കേണ്ടതെന്നും റിപ്പോര്‍ട്ട് നിഷ്‌കര്‍ഷിച്ചു. ഭൂമിയെ മാതാവായി കാണുന്ന, ഭൂമി മാതാവിനെ വേദനിപ്പിക്കരുതെന്ന് വിശ്വസിക്കുന്ന ഭാരതീയ ധര്‍മ്മശാസ്ത്ര നിയമങ്ങളോട് ചേര്‍ന്നു നില്ക്കുന്നതായിരുന്നു ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ മിക്ക നിര്‍ദ്ദേശങ്ങളും.
പ്രകൃതി വിഭവങ്ങളുടെ സാമൂഹ്യനിയന്ത്രണമാണ് ഗാഡ്ഗില്‍ കമ്മറ്റിയുടെ അടിസ്ഥാന കാഴ്ചപ്പാട്. എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിന് നിര്‍ബന്ധമായും നിയന്ത്രണം വേണം. പശ്ചിമഘട്ടത്തെ മൂന്ന് പ്രധാന മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും നടത്താവുന്നതും നടത്താന്‍ പറ്റാത്തതുമായ പ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ടില്‍ വിസ്തരിച്ചിട്ടുണ്ട്. ഇതില്‍ ഒരു നിര്‍ദ്ദേശം പോലും കര്‍ഷക ദ്രോഹകരമല്ല.
കേരളത്തില്‍ കത്തോലിക്കാസഭയും ഇടതുവലതു മുന്നണികളും റിപ്പോര്‍ട്ടിനെതിരെ പച്ച നുണകള്‍ പ്രചരിപ്പിച്ചു. റിപ്പോര്‍ട്ട് നടപ്പായാല്‍ കര്‍ഷകര്‍ക്ക് കുടിയൊഴിഞ്ഞു പോകേണ്ടി വരുമെന്നും പട്ടയം കിട്ടില്ലെന്നും, പശു വളര്‍ത്തല്‍ പോലുംഅസാധ്യമാകുമെന്നും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഉണ്ടാകുമെന്നും മറ്റുമുള്ള അസത്യപ്രചരണങ്ങളാണ് കേരളമെങ്ങും ഇവര്‍ നടത്തിയത്. കത്തോലിക്കാ പുരോഹിതര്‍ ഈ പ്രചരണത്തിന് മുമ്പില്‍ നിന്ന് ജനങ്ങളെ കലാപത്തിനു വരെ പ്രേരിപ്പിച്ചു. റിപ്പോര്‍ട്ട് നടപ്പായാല്‍ സഭയേയും ഇടതു-വലതു മുന്നണികളേയും സഹായിക്കുന്ന ക്വാറി-മണല്‍ മാഫിയകള്‍ക്ക് അവരുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് ബോദ്ധ്യമായിരുന്നു.
റിപ്പോര്‍ട്ടിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഭരണകൂടം ചെവിക്കൊണ്ടില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് പരസ്യമായി ഒരു പൊതുപരിപാടി സംഘടിപ്പിച്ച് സംവാദത്തിന് അവസരം ഒരുക്കിയത് തപസ്യ കലാസാഹിത്യവേദി മാത്രമായിരുന്നു. തൊടുപുഴയിലാണ് ഈ സംവാദപരിപാടി നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ 2013 ഏപ്രില്‍ 16ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍ തൊടുപുഴയില്‍ എത്തി. അദ്ദേഹത്തെ വരവേറ്റത് ജനസാഗരമായിരുന്നു എന്നത് ഏറെ അഭിമാനകരമായിരുന്നു. പരിപാടി തടയുമെന്നും ഗാഡ്ഗിലിനെ തൊടുപുഴയില്‍ കാലുകുത്തിക്കില്ലെന്നും ചിലര്‍ ഭീഷണിമുഴക്കിയിരുന്നു. ഇച്ഛാശക്തിയുള്ള തപസ്യ പ്രവര്‍ത്തകരുടെ മുന്‍പില്‍ ഈ ഭീഷണികളൊന്നും വിലപ്പോയില്ല. അദ്ദേഹം ഈ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ജനങ്ങളോട് സംസാരിച്ചു. അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. അന്ന് തപസ്യയുടെ അദ്ധ്യനായിരുന്ന പ്രശസ്ത കവി സ്വര്‍ഗ്ഗീയ എസ്. രമേശന്‍ നായര്‍ ആയിരുന്നു ഈ ചടങ്ങില്‍ അദ്ധ്യക്ഷനായത്. പരിപാടി കഴിയുമ്പോള്‍ മാധവ് ഗാഡ്ഗിലിനെ ഏറെ സന്തോഷവാനായണ് കാണപ്പെട്ടത്. ഇത്തരം പരിപാടികള്‍ കേരളത്തിലെ എല്ലാ മേഖലകളിലും നടന്നിരുന്നെങ്കില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും സൗമ്യമായ പെരുമാറ്റവും നേരിട്ടറിയാന്‍ അന്ന് കഴിഞ്ഞു.
ഇന്ന് കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴെല്ലാം നാം ഈ മനുഷ്യനെ സ്മരിക്കും. ഇദ്ദേഹം നല്കിയ മുന്നറിയിപ്പുകള്‍ ചര്‍ച്ച ചെയ്യും. വയനാട്ടില്‍ 2024 ല്‍ ഉണ്ടായ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലും അദ്ദേഹത്തിന്റെ പേര് പലവട്ടം കേട്ടു. കേരളത്തിനെ ഏറെ സ്‌നേഹിച്ച കേരളത്തിന്റെ പരിസ്ഥിതിയെ മലയാളികളേക്കാള്‍ നന്നായി അറിഞ്ഞ ഈ മനുഷ്യസ്‌നേഹിയുടെ വാക്കുകള്‍ നാം ഒരിക്കലും അനുസരിച്ചില്ല. ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുന്നെങ്കില്‍ നമുക്ക് തെറ്റി. സര്‍വ്വജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ഭൂമി. ഇതിന് ഒരു പോറല്‍പോലും ഏല്പിക്കാതെ വരുംതലമുറയെ ഏല്പിക്കാനുള്ള ഒരു കടമ നമുക്കുണ്ട്. പ്രൊഫ. മാധവ് ഗാഡ്ഗില്‍ നിരന്തരം നമുക്ക് നല്കിയിരുന്ന മുന്നറിയിപ്പുകള്‍ ഈ കടമ നിര്‍വഹിക്കുന്നതിനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു.
















