കാലിഫോർണിയ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഒരു സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ക്രൂ-11 ദൗത്യസംഘത്തെ നാസ അടിയന്തരമായി ഭൂമിയിലേക്ക് മടക്കിയെത്തിക്കുന്നു. ജനുവരി 14ന് അമേരിക്കൻ സമയം വൈകുന്നേരം 5 മണിക്ക് സ്പേസ് എക്‌സിന്റെ ഡ്രാഗൺ പേടകം നാലംഗ സംഘവുമായി നിലയത്തിൽ നിന്ന് പുറപ്പെടും. ഇന്ത്യൻ സമയം ജനുവരി 15 പുലർച്ചെ 3.30ഓടെ പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണ് നാസയുടെ ഔദ്യോഗിക അറിയിപ്പ്. ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ദൗത്യം വെട്ടിച്ചുരുക്കി സഞ്ചാരികളെ മടക്കിക്കൊണ്ടുവരുന്നത്.
കഴിഞ്ഞ ദിവസമാണ് നിലയത്തിലുള്ള ഒരു സഞ്ചാരിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് നാസ സ്ഥിരീകരിച്ചത്. എന്നാൽ സ്വകാര്യത കണക്കിലെടുത്ത് ഏത് സഞ്ചാരിക്കാണ് അസുഖമെന്ന് വെളിപ്പെടുത്താൻ ഏജൻസി തയ്യാറായിട്ടില്ല.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സെന കാർഡ്മൻ, മൈക്ക് ഫിൻകെ ജപ്പാൻ ബഹിരകാശ ഏജൻസി ജാക്സയുടെ കിമിയ യൂവി, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ഒലേഗ് പ്ലാറ്റൊനോവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാനും ഏജൻസി ഉദ്യോഗസ്ഥരും സംഘത്തെ തിരിച്ചെത്തിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.
ജനുവരി എട്ടിന് സെനയും മൈക്കും നടത്താനിരുന്ന ബഹിരാകാശ നടത്തം ആരോഗ്യപ്രശ്നം മൂലം അവസാന നിമിഷം റദ്ദാക്കിയിരുന്നു. നാസയുടെ 65 വർഷത്തിലേറെ നീണ്ട ചരിത്രത്തിൽ ഇതാദ്യമായാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്നത്തെ തുടർന്ന് സംഘത്തെ തിരിച്ചുകൊണ്ടുവരുന്നത്. ബഹിരാകാശ നിലയത്തിലെ പവർ സിസ്റ്റത്തിലെ അറ്റക്കുറ്റപ്പണിയായിരുന്നു ഇവരുടെ ലക്ഷ്യം.
സാധാരണ ഗതിയിൽ ആറ് മാസത്തിലധികം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങൾ. അടുത്ത സംഘമെത്തി ചുമതലയേറ്റെടുത്ത ശേഷമേ മുൻഗാമികൾ മടങ്ങാറുള്ളൂ. ക്രൂ 12 ദൗത്യത്തിന്റെ വിക്ഷേപണം നിലവിൽ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവരെത്തും മുമ്പേ ക്രൂ-11 മടങ്ങുമ്പോൾ റഷ്യയുടെ സൊയൂസ് എം എസ് 28 ദൗത്യത്തിലൂടെ നവംബറിൽ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ സമ്പൂർണ ഉത്തരവാദിത്തമുണ്ടാവുക. രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.
















