ന്യൂദല്‍ഹി: ലോകത്തിന് ഭാരതത്തിലുള്ള വിശ്വാസമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ എഐ മാതൃകകള്‍ ധാര്‍മികവും പക്ഷപാതരഹിതവും സുതാര്യവും ഡേറ്റാ സ്വകാര്യതാ തത്വങ്ങളില്‍ അധിഷ്ഠിതവുമാണെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന എഐ സ്റ്റാര്‍ട്ടപ്പ് ഉടമകളുടെ വട്ടമേശ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടെനിന്നുതന്നെ ആഗോള നേതൃത്വത്തിലേക്കുയരാന്‍ ലക്ഷ്യമിടണം. ചെലവു കുറഞ്ഞതും ഏവരെയും ഉള്‍ക്കൊള്ളുന്നതും ലളിതവും കാര്യക്ഷമവുമായ നവീകരണങ്ങളെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാരതത്തിനാകും.
ഭാരതത്തിന്റെ എഐ മാതൃകകള്‍ സവിശേഷമായിരിക്കണം. അവ പ്രാദേശികവും തദ്ദേശീയവുമായ ഉള്ളടക്കങ്ങളെയും പ്രാദേശികഭാഷകളെയും പ്രോത്സാഹിപ്പിക്കണം. ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി സാങ്കേതികമേഖലയിലെ മുന്നേറ്റത്തില്‍ സുപ്രധാന പങ്കുവഹിക്കും. എഐ പ്രയോജനപ്പെടുത്തി, പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അടുത്തമാസം നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായിരുന്നു വട്ടമേശസമ്മേളനം. ഇതിലേക്കു യോഗ്യത നേടിയ ഭാരതത്തിലെ 12 എഐ സ്റ്റാര്‍ട്ടപ്പുകള്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുകയും ആശയങ്ങളും പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ജിതിന്‍ പ്രസാദ് എന്നിവരും പങ്കെടുത്തു.
















