പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും, അതുവഴി കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനും വേണ്ടി ധീരമായി പോരാടിയ മാധവ് ഗാഡ്ഗില്‍ വിട പറഞ്ഞിരിക്കുന്നു. രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്ന ഗാഡ്ഗില്‍, പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനെന്ന നിലയ്‌ക്കാണ് മലയാളികള്‍ക്ക് സുപരിചിതനായത്. ഈ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും ഇടയാക്കി. മലയാളികള്‍ക്ക് പൊതുവേ അന്യമായ പാരിസ്ഥിതികാവബോധത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇതിന്റെ അലകള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല.
പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച്, ഖനനവും വന്‍കിട നിര്‍മ്മാണങ്ങളും നിയന്ത്രിക്കണമെന്ന റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ, അദ്ദേഹത്തെ വനഭൂമി കയ്യേറ്റക്കാരുടെയും അനധികൃത ക്വാറി ഉടമകളുടെയും ഇവരുടെ സംരക്ഷകരായ രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിന്റെയും മറ്റും മുഖ്യ ശത്രുവാക്കി മാറ്റി. സ്ഥാപിത താല്പര്യക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ഭരണ നേതൃത്വം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത് ബദല്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ ഗാഡ്ഗില്‍ ഉറച്ചുനിന്നു. ഈ മനുഷ്യനായിരുന്നു ശരിയെന്ന്, പിന്നീട് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അനുഭവിച്ച പാരിസ്ഥിതിക ദുരന്തങ്ങളില്‍ നിന്ന് വ്യക്തമായി. എന്നിട്ടും പാഠങ്ങള്‍ പഠിക്കാന്‍ പരിസ്ഥിതിയുടെ, മനുഷ്യരുടെ ശത്രുക്കള്‍ തയ്യാറാവുന്നില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.
മഹാരാഷ്‌ട്ര സ്വദേശിയായ ഗാഡ്ഗില്‍ പൂനെ സര്‍വ്വകലാശാലയില്‍ നിന്ന് ജീവശാസ്ത്രം പഠിച്ചശേഷം പരിസ്ഥിതി ശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തിരുന്നു. വിദേശ സര്‍വകലാശാലകളില്‍ ഗാഡ്ഗില്‍ അപ്ലൈഡ് മാത്തമാറ്റിക്സില്‍ റിസര്‍ച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നുവെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരുന്നു. സ്റ്റാന്‍ഫോഡിലും കാലിഫോണിയയിലെ ബെര്‍ക്‌ലി സര്‍വകലാശാലയിലും വിസിറ്റിങ് പ്രൊഫസറും ആയിരുന്നു. പരിസ്ഥിതി സംബന്ധമായ ഇരുനൂറിലേറെ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. സമ്പന്നമായ ഈ അക്കാദമിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഗാഡ്ഗില്‍ ശബ്ദമുയര്‍ത്തിയത്. അതു പക്ഷേ കയ്യേറ്റക്കാരുടെയും ഭരണാധികാരികളുടെയും ബധിര കര്‍ണങ്ങളിലാണ് പതിച്ചത്.
കേരളത്തെ രക്ഷിക്കാന്‍ ആഗ്രഹിച്ച ഗാഡ്ഗിലിന് ഇവിടെ അധിക്ഷേപവും ഭീഷണിയുമാണ് നേരിടേണ്ടിവന്നത്. കേരളം മാറിമാറി ഭരിച്ച ഇരു മുന്നണികളും ഈ മനുഷ്യനെ തങ്ങളുടെ വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ചു. അനാവശ്യമായ ഭീതി പരത്തി സാധാരണ ജനങ്ങളെ ഗാഡ്ഗിലിനെതിരാക്കി. തപസ്യ കലാസാഹിത്യ വേദിയെയും സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തെയും പോലുള്ള സംഘപരിവാര്‍ സംഘടനകളാണ് അക്കാലത്ത് ഗാഡ്ഗിലിനൊപ്പം നിന്നത്. തൊടുപുഴയില്‍ തപസ്യ സംഘടിപ്പിച്ച, ഗാഡ്ഗില്‍ പങ്കെടുത്ത പരിപാടി എല്ലാ ഭീഷണികളെയും അതിജീവിച്ച് വിജയകരമായി നടന്നു. ഈ വ്യക്തി വിടപറയുമ്പോള്‍ പശ്ചിമഘട്ടത്തിന്റെയും പരിസ്ഥിതിയുടെയും ഏറ്റവും കരുത്തുറ്റ കാവല്‍ ഭടനെയാണ് നമുക്ക് നഷ്ടമാകുന്നത്. ഗാഡ്ഗിലിന് ഹരിതാഭമായ ആദരാഞ്ജലികള്‍.
















